സീസൺ തുടക്കത്തിൽ റയൽ മഡ്രിഡിന്റെ പരിശീലകനായി കാർലോ ആഞ്ചലോട്ടിയെ നിയമിക്കുമ്പോൾ അധികം പ്രതീക്ഷയൊന്നും ആർക്കുമില്ലായിരുന്നു. മുമ്പ് പരിശീലപ്പിച്ചിരുന്ന ഇംഗ്ലീഷ് ക്ലബ് എവർട്ടനിലെ മോശം പ്രകടനമായിരുന്നു ഇതിനൊരു കാരണം. എന്നാൽ റയൽ മഡ്രിഡിനെ സ്പെയിനിലേയും യൂറോപ്പിലേയും രാജാക്കന്മാരാക്കിയാണ് ആഞ്ചലോട്ടി സീസൺ അവസാനിപ്പിക്കുന്നത്.
പാരീസിൽ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെയാണ് ആഞ്ചലോട്ടിയുടെ റയൽ മഡ്രിഡ് വീഴ്ത്തിയത്. ഇതോടെ ഒരു ചരിത്രനേട്ടമാണ് ആഞ്ചലോട്ടിയെ തേടിയെത്തിയിരിക്കുന്നത്. നാല് തവണ ചാമ്പ്യൻസ് ലീഗ് കിരീടമുയർത്തിയ ആദ്യ പരിശീലകനായിരിക്കുകയാണ് ആഞ്ചലോട്ടി. റയലിനൊപ്പം ആഞ്ചലോട്ടിയുടെ രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീടമാണിത്. 2014-ലാണ് മുമ്പത്തെ നേട്ടം. 2003-ൽ ഇറ്റാലിയൻ ക്ലബ് എസി മിലാനൊപ്പമായിരുന്നു ആഞ്ചലോട്ടിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം. 2007-ലും മിലാനൊപ്പം നേട്ടം ആവർത്തിച്ചു. പരിശീലകകരിയറിൽ ഇതുവരെ അഞ്ച് തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിയ ആഞ്ചലോട്ടി 2005-ൽ മാത്രമാണ് തോൽവിയുടെ കയ്പുനീർ കൂടിച്ചത്. അന്ന് ആഞ്ചലോട്ടിയുടെ മിലാനെ വീഴ്ത്തിയത് ലിവർപൂളായിരുന്നു.
നേരത്തെ റയലിനൊപ്പം ലാ ലിഗ കിരീടം നേടിയതോടെ യൂറോപ്പിലെ പ്രധാന അഞ്ച് ലീഗുകളിലും കിരീടമുയർത്തുന്ന ആദ്യ പരിശീലകനായും ആഞ്ചലോട്ടി മാറിയിരുന്നു. എസി മിലാനൊപ്പം സെരി എ, ചെൽസിക്കൊപ്പം പ്രീമിയർ ലീഗ്, പിഎസ്ജിക്കൊപ്പം ഫ്രഞ്ച് ലീഗ്, ബയേൺ മ്യൂണിച്ചിനൊപ്പം ബുന്ദസ്ലിഗ എന്നിവയും ആഞ്ചലോട്ടി നേടിയിട്ടുണ്ട്.