SHARE

എഫ്സി ​ഗോവയുടെ പുതിയ പരിശീലകനായി കാർലോസ് പെന എത്തുമ്പോൾ ആരാധകർക്ക് ആവേശവും ആശങ്കയും ഒരുപോലെയുണ്ട്. രണ്ട് വർഷം മുമ്പ് വരെ ടീമിനായി കളിച്ചിരുന്നപ്പോൾ ഉജ്ജ്വലപ്രകടനം പുറത്തെടുത്ത പെന, പരിശീലകനായെത്തുമ്പോൾ ടീം ആകെ ഉണരുമന്ന പ്രതീക്ഷയിലാണ് ആരാധകർ. അതേസമയം തന്നെ പരിശീലകനെന്ന നിലയിൽ പെനയ്ക്ക് പരിചയസമ്പത്തില്ലാത്തത് ആശങ്കയ്ക്ക് വഴിവയ്ക്കുന്നു.

ആകർഷകമായി കളിശൈലിയിലൂടെയാണ് സെർജിയോ ലൊബേറ മൂന്ന് വർഷത്തോളം ​ഗോവയെ മുന്നോട്ടുനയിച്ചത്. ലൊബേറെ പോയ ശേഷം ജുവാൻ ഫെറാൻഡോയെത്തിയപ്പോഴും ​ഗോവയുടെ ആക്രമണഫുട്ബോൾ തുടർന്നു. ഫെറാൻഡോ പോയശേഷം ഡെറിക്ക് പെരേരയ്ക്ക് കീഴിൽ പുതിയ ശൈലിയാണ് ​ഗോവ പരീക്ഷിച്ചത്. അതുകൊണ്ട് തന്നെ ഇപ്പോൾ പെന എത്തുമ്പോൾ ​ഗോവയുടെ പുതിയ കളിശൈലിയെക്കുറിച്ച് ആരാധകരിൽ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. എന്നാൽ കളിച്ചിരുന്ന കാലത്തെ ശൈലിയാണ് താൻ പിന്തുടരുകയെന്നാണ് പെന ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.

കളിച്ചിരുന്ന കാലത്ത് പന്ത് കൈവശം വച്ച് ആക്രമിക്കാനാണ് ഞാൻ ശ്രമിച്ചിരുന്നത്, ആക്രണമശൈലി പിന്തുടരുന്ന ടീമിന്റെ ഭാ​ഗമായിരുന്നു ഞാൻ, അതുകൊണ്ട് തന്നെ ഞാൻ ഫുട്ബോളിനെ കണ്ടതും അനുഭവിച്ചതും അതേ ശൈലിയിൽ തന്നെയാണ്, അതിവേ​ഗം പന്ത് റിക്കവർ ചെയ്ത് അറ്റാക്ക് ചെയ്യുന്ന ടീമുകളെയാണ് എനിക്കിഷ്ടം, ഞാൻ ആ ശൈലിയിലാണ് ഫുട്ബോൾ ആസ്വദിച്ചത്, അതുകൊണ്ട് തന്നെ ​ഗോവയിൽ ഞാൻ നടപ്പാക്കാനാ​ഗ്രഹിക്കുന്നതും അതേശൈലി തന്നെയാണ്, ​ഗോവ എന്ന ക്ലബിന്റെ മൂല്യങ്ങളിൽ അടിയുറച്ച് കരുത്തുറ്റ ടീമിനെ പടുത്തുയർത്താണ് ശ്രമം, പെന വ്യക്തമാക്കി.