SHARE

വിഖ്യാത അർജന്റൈൻ താരം കാർലോസ് ടെവെസ് ഫുട്ബോൾ മൈതാനത്തോട് വിടപറഞ്ഞു. കഴിഞ്ഞ ദിവസം ഒരു അർജന്റൈൻ ചാനലിന്റെ ഷോയിലാണ് ടെവെസ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ഒരു വർഷത്തോളമായി കളിക്കളത്തിന് പുറത്ത് തുടരുകയാണ് ടെവെസ്.

മുന്നേറ്റനിരയിലെ പല പൊസിഷനുകളിൽ കളിക്കാൻ അസാമാന്യ വൈദ​ഗ്ദ്യമുള്ള താരമായിരുന്നു ടെവെസ്. 2001-ൽ അർജന്റീനയിലെ സൂപ്പർക്ലബായ ബോക്കാ ജൂനിയേഴ്സിലൂടെയാണ് ടെവെസിന്റെ തുടക്കം. പിന്നീട് കൊറീന്ത്യൻസ്, വെസ്റ്റ് ഹാം യുണൈറ്റഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, മഞ്ചസ്റ്റർ സിറ്റി, യുവന്റസ് തുടങ്ങിയ ക്ലബുകളിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തു. പ്രീമിയർ ലീ​ഗും, സെരി എയും ചാമ്പ്യൻസ് ലീ​ഗുമടക്കം യൂറോപ്പിൽ വൻ നേട്ടങ്ങൾ കൈവരിച്ച ടെവസ് 2015-ൽ ബോക്കയിലേക്ക് മടങ്ങി.

ഒറു വർഷത്തിന് ശേഷം ചൈനയിലേക്ക് പോയ ടെവെസ്, 2020-ൽ ബോക്കയിൽ തിരിച്ചെത്തി. രണ്ട് സീസണിൽ ക്ലബിനായി കളിച്ചെങ്കിലും അത് വിവാദങ്ങൾ നിറഞ്ഞതായിരുന്നു. തുടർന്ന് കഴിഞ്ഞ ജൂണിൽ ക്ലബ് വിട്ട ടെവെസ്, ഒരു വർഷത്തിന് ശേഷമാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. 2004-ൽ അർജന്റീന ജേഴ്സിയിൽ അരങ്ങേറിയ ടെവെസ്, ദേശീയ ടീമിനായി 76 മത്സരങ്ങൾ കളിച്ചു.