SHARE

രഞ്ജി‌ട്രോഫി മത്സരം നടക്കുന്നതിനിടെ സൈറ്റ് സ്ക്രീനിന് മുന്നിലൂടെ കാർ പോയത് വിവാദമാകുന്നു. ചണ്ഡിഗഡും മിസോറാമും തമ്മിൽനടന്ന് കൊണ്ടിരിക്കുന്ന‌രഞ്ജി മത്സരത്തിന്റെ ഒന്നാംദിനമായിരുന്നു കളിക്കിടെ കാർ വിവാദം സൃഷ്ടിച്ചത്. സൈറ്റ് സ്ക്രീനിന് മുന്നിലൂടെ രണ്ട് കാറുകളാണ്‌ മത്സര സമയം കടന്ന് പോയത്‌. ഗ്രൗണ്ട് ജീവനക്കാർ അപ്പോൾത്തന്നെ കാർ തടഞ്ഞെങ്കിലും പിന്നീട് കാറുമായി വന്നവരെ വിട്ടയക്കാൻ ചണ്ഡിഗഡ് ക്രിക്കറ്റ് അധികൃതർ തീരുമാനിക്കുകയായിരുന്നു.

ചണ്ഡിഗഡിലെ ‌മഹാജൻ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ചണ്ഡിഗഡും, മിസോറാമും തമ്മിലുള്ള മത്സരം നടക്കുന്നത്. ആദ്യ ദിനത്തെ കളി അവസാനിക്കാറായപ്പോളായിരുന്നു സൈറ്റ് സ്ക്രീനിന് മുന്നിലൂടെ രണ്ട് കാറുകൾ കടന്ന് വന്നത്. ബൗണ്ടറിക്ക് തൊട്ടരികെ ബോൾ ബോയ്സിന് പിന്നിലൂടെയായിരുന്നു ഈ കാറുകൾ കടന്ന് പോയത്. പുറത്തേക്ക് പോകുന്നതിന് മുന്നേ തന്നെ സുരക്ഷാ ജീവനക്കാർ കാറുകളെ തടഞ്ഞെങ്കിലും ചണ്ഡിഗഡ് ക്രിക്കറ്റ് ഭരിക്കുന്ന യൂണിയൻ ടെറിറ്ററി ക്രിക്കറ്റ് അസോസിയേഷൻ പിന്നീട് കാറുകളെ പോകാൻ അനുവദിക്കുകയായിരുന്നു.

അതേ സമയം ഈ വേദിയിലെ ആദ്യ ഫസ്റ്റ് ക്ലാസ് മത്സരമാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. ഒരു ഫാം ഹൗസിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ ‌മൈതാനം, പ്രശസ്ത അത്ലറ്റ് മിൽഖാ സിംഗിന്റെ വീടിന് സമീപമുള്ളതാണ്. അതേ സമയം ഗ്രൗണ്ടിന്റെ പാർക്കിംഗ് ഏരിയയിലേക്ക് എത്താനുള്ള ഏക മാർഗമാണ് മത്സരത്തിനിടെ കാറുകൾ കടന്ന് പോയ ചെറിയ റോഡ്. പക്ഷേ എന്തൊക്കെയായാലും കളിക്കിടെ നിയമങ്ങൾ ലംഘിച്ച് കാർ സൈറ്റ് സ്ക്രീനിന് മുന്നിലൂടെ കടന്ന് പോയത് സംഘാടകരുടെ പിടിപ്പുകേടായാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. ഇത്തരമൊരു വിവാദ സംഭവത്തിന്റെ പേരിൽ ഗ്രൗണ്ടിന് വിലക്കുണ്ടായേക്കുമെന്ന് സൂചനകളുണ്ട്.