SHARE

റഷ്യൻ ലോകകപ്പിലെ തങ്ങളുടെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ വെള്ളിയാഴ്ച ബെൽജിയത്തിനെ നേരിടാനിരിക്കുന്ന ബ്രസീൽ ടീമിന് കനത്ത തിരിച്ചടി നൽകുന്നത് ടീമിന്റെ മധ്യനിരയിലെ പ്രധാനിയായ കാസിമിറോയ്ക്ക് കളിക്കാനാവാത്തത്‌. മെക്സിക്കോയ്ക്കെതിരെ നടന്ന പ്രീക്വാർട്ടർ മത്സരത്തിൽ മഞ്ഞക്കാർഡ് ലഭിച്ചതാണ് കാസിമിറോയ്ക്ക് വിനയായത്‌. ഈ ലോകകപ്പിൽ താരത്തിന്റെ രണ്ടാമത്തെ മഞ്ഞക്കാർഡായിരുന്നു അത്. രണ്ട് മഞ്ഞക്കാർഡ് ലഭിക്കുന്ന താരങ്ങൾക്ക് ഒരു കളിയിൽ നിന്നുള്ള സസ്പെൻഷനാണ് ശിക്ഷ ലഭിക്കുക. ഇതേത്തുടർന്നാണ് ബെൽജിയത്തിനെതിരായ മത്സരം താരത്തിന് പുറത്തിരുന്ന് കാണേണ്ടി വരുന്നത്.

ടൂർണമെന്റിൽ ബ്രസീൽ മധ്യനിരയിലെ പ്രധാനിയായിരുന്ന കാസിമിറോയ്ക്ക് നിർണായക ക്വാർട്ടർ മത്സരത്തിൽ കളിക്കാനാവാത്തത് ബ്രസീൽ ടീമിന് കനത്ത തിരിച്ചടിയാണ് സമ്മാനിക്കുന്നത്. കാസിമിറോയുടെ അഭാവത്തിൽ ഫെർണാണ്ടീഞ്ഞോയാകും ബ്രസീൽ നിരയിൽ കളിക്കുക. 33 കാരനായ ഫെർണാണ്ടീഞ്ഞോ മുൻ മത്സരങ്ങളിൽ പകരക്കാരനായി കളത്തിലിറങ്ങിയിരുന്നു.