SHARE

ഇതിഹാസ​ഗോളി ഐക്കർ കസിയസ് ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു. ഈ മാസം തുടക്കത്തിലുണ്ടായ ഹൃദയാഘാതത്തെത്തുടർന്നാണ് കസിയസിന്റെ വിടവാങ്ങൽ. വരും ദിവസങ്ങളിൽ വിരമിക്കൽ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ

പോർച്ചു​ഗീസ് ക്ലബ് പോർട്ടോയുടെ​ താരമാണിപ്പോൾ കസിയസ്. ഈ മാസമാദ്യം പരിശീലനത്തിനിടെയാണ് കസിയസിന് ഹൃദയാഘാതമുണ്ടായത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മറ്റ് ​ഗുരുരപ്രശ്നങ്ങളൊന്നും കസിയസിനില്ലെങ്കിലും ഇനി കളിക്കാനാവില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിരുന്നത്. ഇതോടെ കസിയസ് വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു

വിരമിച്ച ശേഷവും ക്ലബ് പരിശീലകസംഘത്തിലേ മറ്റ് പ്രധാന പദവികളിലേക്കോ കസിയസിനെ കൊണ്ടുവരാൻ പോർട്ടോയ്ക്ക് താൽപര്യമുണ്ട്. കഴിഞ്ഞ ദിവസം ഇവർ കസിയസിന് അത്തരത്തിലൊരു വാ​ഗ്ദാനവും നൽകിയിരുന്നു. എന്നാലതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

2015-ലാണ് ഒന്നരപതിറ്റാണ്ടിലേറെ നീണ്ട റയൽ മഡ്രിഡ് വാസമവസാനിപ്പിച്ച് കസിയസ് പോർട്ടോയിലെത്തുന്നത്. റയലിനൊപ്പം എഴുനൂറിലേറെ മത്സരങ്ങൾ കളിച്ച കസിയസ് മൂന്ന് ചാമ്പ്യൻസ് ലീ​ഗ് കിരീടനേട്ടങ്ങളിൽ ക്ലബിനൊപ്പം പങ്കാളിയായി. സ്പെയിനെ ലോകകപ്പ്, യൂറോകപ്പ് കിരീടങ്ങളിലേക്ക് നയിച്ചതും കസിയസായിരുന്നു