SHARE

ലോകകപ്പ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്ത ഇംഗ്ലണ്ടിന് മറ്റൊരു സന്തോഷം കൂടി. ജോ റൂട്ട് ക്യാച്ചെടുത്ത് റിക്കാര്‍ഡ് ബുക്കില്‍ ഇടംനേടിയതാണ് അത്. ഒരു ലോകകപ്പില്‍ ഏറ്റവും അധികം ക്യാച്ച് എടുത്തതിന്റെ റിക്കാര്‍ഡാണ് റൂട്ടിന്റെ പേരിലായത്. 12 ക്യാച്ചുകളാണ് ഈ ലോകകപ്പില്‍ റൂട്ടിന്റെ കൈകളിലെത്തിയത്.

മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിന്റെ 11 ക്യാച്ച് എന്ന റിക്കാര്‍ഡാണ് റൂട്ട് പഴങ്കഥയാക്കിയത്. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസി ഈ ലോകകപ്പില്‍ 10 ക്യാച്ചെടുത്തു. ഇവര്‍ മൂവരുമാണ് ഒരു ലോകകപ്പില്‍ നിന്നു മാത്രമായി പത്തോ അതിലധികമോ ക്യാച്ചെടുത്തിട്ടുള്ളവര്‍.

പോണ്ടിംഗിന്റെ പേരിലാണ് എല്ലാ ലോകകപ്പുകളിലുമായി ഏറ്റവും അധികം ക്യാച്ച് എന്ന റിക്കാര്‍ഡ്. അഞ്ചു ലോകകപ്പുകളിലെ 46 മത്സരങ്ങളില്‍ 28 ക്യാച്ചുകളാണ് പോണ്ടിംഗ് എടുത്തത്. മൊത്തം ക്യാച്ചുകളില്‍ രണ്ടാം സ്ഥാനത്ത് റൂട്ടാണ്. 2015, 2019 ലോകകപ്പുകളിലെ 16 മത്സരങ്ങളില്‍ 19 ക്യാച്ചാണ് റൂട്ടിന്റെ പേരിലുള്ളത്. ഇനി ഫൈനല്‍ കൂടി റൂട്ടിന് അവശേഷിക്കുന്നുണ്ട്.