SHARE

ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുറു​ഗ്വെ മുന്നേറ്റതാരം എഡിൻസൻ കവാനി സീസണൊടുവിൽ ക്ലബ് വിട്ടേക്കും. മുമ്പേ പറയപ്പെട്ടിരുന്ന അർജന്റൈൻ ക്ലബ് ബോക്കാ ജുനിയേഴ്സിലേക്കാകും കവാനിയുടെ കൂടുമാറ്റം. ഇ.എസ്.പി.എന്നാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ ഒക്ടോബറിലാണ് കവാനി യുണൈറ്റഡിലെത്തിയത്. രണ്ട് വർഷത്തെ കരാറാണ് കവാനി ക്ലബുമായി ഒപ്പവച്ചിരിക്കുന്നത്. ഇത് വേണമെങ്കിൽ ഒരു വർഷം കൊണ്ട് അവസാനിപ്പിക്കാനോ ഒരു വർഷം കൂടി പുതുക്കാൻ ക്ലബാനാകും. ഇതിനിടെയാണ് കവാനിയെ തേടി ബോക്കാ ജൂനിയേഴ്സ് രം​ഗത്തെത്തിയത്. റിപ്പോർട്ടുകൾ പ്രകാരം ബോക്ക വൈസ് പ്രസിഡന്റായ മുൻ സൂപ്പർതാരം ജുവാൻ റോമൻ റിക്വൽമി ഇക്കാര്യത്തിൽ കവാനിയുമായി നേരിട്ട് ചർച്ച നടത്തുന്നുണ്ട്.

കവാനി ബോക്കയിലേക്ക് വരാനുള്ള സാധ്യത ഇപ്പോൾ ഏറെ കൂടുതലാണെന്ന് താരവുമായി അടുത്ത ചിലർ വ്യക്തമാക്കിയെന്നാണ് റിപ്പോർട്ട്. നേരത്തെ കവാനി ബോക്കയിലേക്ക് വരാൻ 60 ശതമാനം സാധ്യതയുണ്ടെന്ന് താരത്തിന്റെ പിതാവ് തന്നെ പറഞ്ഞിരുന്നു. അതേസമയം തന്നെ നിലവിൽ പരുക്കിന്റെ പിടിയിലുള്ള താരം വൈകാതെ തന്നെ ഭാവി തീരുമാനിക്കുമെന്നും സൂചനകളുണ്ട്.