SHARE

പോർച്ചു​ഗലിനെതിരെ ഇരട്ട​ഗോളടിച്ച് യുറു​ഗ്വെയെ ലോകകപ്പിൻറെ ക്വാർട്ടറിലേക്ക് നയിച്ച എഡിൻസൻ കവാനിക്ക് പരിക്കേറ്റത് ടീമിന് ആശങ്കയായി. മത്സരത്തിനിടെ കാൽവണ്ണയ്ക്ക് പരിക്കേറ്റ കവാനി കളിക്കളം വിട്ടിരുന്നു.

മത്സരത്തിനിടയ്ക്ക് പെട്ടന്ന് കാലിന് വല്ലാത്ത ബുദ്ധിമുട്ടനുഭവപ്പെട്ടു, അത് ഓരോ നിമിഷവും കൂടിക്കൊണ്ടിരുന്നു അതിനാലാണ് തുടർന്ന് കളിക്കാനാകാതെ വന്നത്. എന്നാൽ പരിക്ക് ഉടൻ ഭേദമാകുമെന്നും, സഹതാരങ്ങളോടൊപ്പം എത്രയും വേ​ഗം പരിശീലനത്തിനിറങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും കവാനി മത്സരശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം കവാനിയുടെ പരിക്കിൽ ആശങ്കയുണ്ടെന്ന് യുറു​ഗ്വെ പരിശീലകൻ ഓസ്കാർ തെബെരെസ് പറഞ്ഞു. വെള്ളിയാഴ്ച ഫ്രാൻസിനെതിരെയാണ് യുറു​ഗ്വെയുടെ ക്വാർട്ടർ പോരാട്ടം.

ലോകകപ്പിൽ പോർച്ചു​ഗലിനെതിരെ നേടിയ ഇരട്ട​ഗോളടക്കം മൂന്ന് ​ഗോളുകളാണ് കവാനിയുടെ സമ്പാദ്യം. മത്സരത്തിൽ നിറഞ്ഞുകളിച്ച കവാനിയുടെ രണ്ട് ​ഗോളുകളും ഒന്നിനൊന്ന് മികച്ചതായിരുന്നു. സഹതാരം ലൂയിസ് സുവാരസിനൊപ്പം മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാനും കവാനിക്ക് സാധിച്ചു. ക്വാർട്ടറിൽ കവാനിക്ക് കളിക്കാനാകാതെ വന്നാൽ, ക്രിസ്റ്റ്യൻ സ്റ്റുവാനിക്കായിരിക്കും പകരം അവസരം ലഭിക്കുക.