SHARE

ഫ്രഞ്ച് സൂപ്പര്‍ക്ലബ് പാരീസ് സെന്റ് ജെര്‍മെയ്‌ന് വീണ്ടും തിരിച്ചടി. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടാനൊരുങ്ങുന്ന ഫ്രഞ്ച് ചാമ്പ്യന്മാര്‍ എഡിസണ്‍ കവാനിയുടെ സേവനവും നഷ്ടമായേക്കും. നേരത്തെ സൂപ്പര്‍താരം നെയ്മര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനു പുറമെയാണ് ഗോളടിയന്ത്രമായ കവാനിക്കും പുറത്തിരിക്കേണ്ടി വരുന്നത്.

ഫ്രഞ്ച് ലീഗില്‍ ബോര്‍ഡെക്‌സിനെതിരായ മത്സരത്തിലേറ്റ പരിക്കാണ് കവാനിക്ക് വിനയായത്. പരിക്കിനെ തുടര്‍ന്ന് കവാനിയെ ഇടയ്ക്കുവച്ച് പിന്‍വലിച്ചിരുന്നു. നാല്പത്തിരണ്ടാം മിനിറ്റില്‍ പെനാല്‍റ്റി കിക്കെടുക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.

പിന്നാലെ താരത്തെ പിന്‍വലിക്കുകയും ചെയ്തു. പരിക്ക് മൂലം നെയ്മര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ കളിക്കില്ല എന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. കവാനി കൂടെ കളിക്കില്ല എങ്കില്‍ പിഎസ്ജിക്ക് വലിയ തിരിച്ചടി ആവും ഇത്. അതേസമയം പരിക്കിന്റെ കാഠിന്യം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ടീം പുറത്തു വിട്ടിട്ടില്ല.