SHARE

പി.എസ്.ജിയുടെ സൂപ്പർതാരം എഡിൻസൻ കവാനിയെ സ്വന്തമാക്കാൻ അർജന്റൈൻ ക്ലബ് ബോക്കാ ജൂനിയേഴ്സ് ശ്രമിക്കുന്നെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു. ക്ലബിനായി കളിക്കാനുള്ള താൽപര്യം കവാനിയും പ്രകടപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ ട്രാൻസ്ഫർ നടക്കില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

സാമ്പത്തികമായ പ്രശ്നങ്ങളെത്തുടർന്നാണ് താരത്തെ സ്വന്തമാക്കുന്നതിൽ നിന്ന് ബോക്ക പിന്മാറുന്നതെന്ന് ക്ലബ് പ്രസിഡന്റ് തന്നെ അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിലൊരാളായ കവാനിയെ സ്വന്തമാക്കാൻ വേണ്ടവരുന്നത് ബോക്കയെ സംബന്ധിച്ചിടത്തോളം വലിയ തുകയാണ്. ക്ലബിന്റെ ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥയുമായി ഇത് ചേർന്നുപോകില്ലെന്നാണ് പ്രസിഡന്റായ ജോർജോ അമോർ അമിയെൽ ഒരു പ്രാ​ദേശിക റേഡിയോയോട് പറഞ്ഞത്.

പി.എസ്.ജിയുമായുള്ള താരത്തിന്റെ കരാർ ജൂണിൽ അവസാനിക്കും. നേരത്തെ ജനുവരിയിൽ കവാനിയെ സ്വന്തമാക്കാൻ സ്പാനിഷ് ക്ലബ് അത്ലെറ്റിക്കോ മഡ്രിഡും ശ്രമിച്ചിരുന്നു. എന്നാൽ ട്രാൻസ്ഫർ തുകയെച്ചൊല്ലി ഈ ചർച്ചകൾ പരാജയപ്പെട്ടു.