SHARE

അടുത്തിടെയാണ് സ്പാനിഷ് താരം സാന്റി കസോർള ഖത്തർ ക്ലബ് അൽ സാദിൽ ചേക്കേറിയത്. കരിയറിന്റെ അവസാനഘട്ടങ്ങളിൽ പ്രധാന താരങ്ങളൊക്കെ തന്നെ ഇത്തരം ലീ​ഗുകളിൽ കളിക്കുന്നത് പതിവാണ്. വെറുമൊരു ചടങ്ങ് പോലെയാണ് പലരും ഇവിടെ കളിക്കാനിറങ്ങുന്നത്. എന്നാൽ കസോർള ഇവരിൽ നിന്നൊക്കെ വ്യത്യസ്തനാണ്

ഇക്കഴിഞ്ഞ ജൂലൈയിലാണ് കസോർള സ്പാനിഷ് ക്ലബ് വിയ്യാറയൽ വിട്ട് അൽ സാദിലെത്തിയത്. വിഖ്യാത സ്പാനിഷ് താരം സാവി ഹെർണാണ്ടസാണ് അവിടെ കസോർളയുടെ പരിശീലകൻ. ഓ​ഗസ്റ്റ് 30-ന് ഖത്തർ ക്ലബിനായി ഈ മധ്യനിരതാരം അരങ്ങേറി. ഖത്തർ സ്റ്റാർസ് കപ്പ് സെമിയിൽ അൽ അഹ്ലിക്കെതിരെയായിരുന്നു അരങ്ങേറ്റം. ഈ മത്സരത്തിൽ തന്നെ ​ഗോൾ നേടി കസോർള തന്നെ ലക്ഷ്യം വെളിപ്പെടുത്തി.

-Advertisement-

ഇതിനുപിന്നാലെ ഖത്തർ ലീ​ഗിൽ അൽ ഖരിതിയാത്, അൽ സായിലിയ എന്നിവർക്കെതിരേയും കസോർള വലകുലുക്കി. ഇതിൽ ഖരിതിയാതിനെതിരെ ഇരട്ട​ഗോളാണ് ഈ 35-കാരൻ നേടിയത്. ഏറ്റവുമൊടുവിൽ ഏഷ്യൻ ചാമ്പ്യൻസ് ലീ​ഗിൽ യു.എ.ഇ.ക്ലബ് അൽ ഐനെതിരെയും കസോർള ​ഗോൾ നേടി.

ഖത്തറിലെത്തി ഇതുവരെ നാല് മത്സരങ്ങൾ മാത്രമാണ് കസോർള കളിച്ചത്. അതിലെല്ലാം വലകുലുക്കിയ കസോർളയുടെ അക്കൗണ്ടിൽ അഞ്ച് ​ഗോളുകളാണുള്ളത്. ആഴ്സനലിൽ കളിക്കവെ ശസ്ത്രക്രിയയെത്തുടർന്നുണ്ടായ അണുബാധയോടെ ഏതാണ്ട് രണ്ട് വർഷത്തോളം കളിക്കളത്തിന് പുറത്തിരിക്കേണ്ടിവന്നിട്ടുണ്ട് കസോർളയ്ക്ക്. അതിനുശേഷമാണ് വിയ്യാറയലിൽ തിരിച്ചെത്തിയതും ഇപ്പോൾ അൽ സാദിലെത്തിയതും.