SHARE

പാകിസ്ഥാൻ സൂപ്പർ ലീഗിൽ ബാറ്റിംഗ് വെടിക്കെട്ടുമായി ലാഹോർ ഖ്വലാൻഡേഴ്സിന്റെ ഓസ്ട്രേലിയൻ സൂപ്പർ താരം ക്രിസ് ലിൻ. കഴിഞ്ഞ ദിവസം മുൾട്ടാൻ‌ സുൽത്താൻസിനെതിരെ നടന്ന മത്സരത്തിലായിരുന്നു താരത്തിന്റെ വെടിക്കെട്ട് സെഞ്ചുറി പിറന്നത്. ക്രിസ് ലിൻ തകർപ്പൻ ബാറ്റിംഗ്‌പ്രകടനം പുറത്തെടുത്ത മത്സരത്തിൽ ലാഹോർ 9 വിക്കറ്റിന്റെ ഉജ്ജ്വല‌ജയവും കുറിച്ചു. സ്കോർ – മുൾട്ടാൻ സുൽത്താൻസ് : 187/6 (20 ഓവർ), ലാഹോർ ഖ്വലാൻഡേഴ്സ് : 191/1 (18.5 ഓവർ).

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുൾട്ടാൻ, 29 പന്തിൽ 70 റൺസ് നേടിയ ഖുഷ്ദിൽ ഷായുടെ മികവിലായിരുന്നു നിശ്ചിത 20 ഓവറുകളിൽ‌187/6 എന്ന തകർപ്പൻ സ്കോർ നേടിയത്. 42 റൺസെടുത്ത ഷാൻ മസൂദും മുൾട്ടാൻ നിരയിൽ തിളങ്ങി. എന്നാൽ ബാറ്റിംഗ് വിസ്ഫോടനത്തിനായിരുന്നു രണ്ടാമിന്നിംഗ്സിൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്ന് ബാറ്റ് ചെയ്യാനിറങ്ങിയ ലാഹോർ തുടക്കം മുതൽ ആഞ്ഞടിച്ചു.

ഓപ്പണർമാരായ ക്രിസ് ലിൻ, ഫഖർ സമൻ എന്നിവരുടെ തകർപ്പനടികൾ ടീമിന്റെ സ്കോർ റോക്കറ്റ് വേഗത്തിൽ കുതിക്കാൻ സഹായിച്ചു. 35 പന്തിൽ 57 റൺസ് നേടിയ ഫഖർ സമൻ പുറത്താകുമ്പോൾ ടീം സ്കോർ 9 ഓവറിൽ 100 റൺസ്. എന്നാൽ കൂട്ടുകാരൻ മടങ്ങിയിട്ടും ലിൻ തന്റെ ബാറ്റിംഗ് വെടിക്കെട്ട് തുടർന്നു. 55 പന്തിൽ 12 ബൗണ്ടറികളും, 8 കൂറ്റൻ സിക്സറുകളുമടക്കം 113 റൺസ് നേടിയ ലിന്നിന്റെ മികവിൽ ലാഹോർ, പത്തൊൻപതാം ഓവറിൽ വിജയത്തിലെത്തി.