SHARE

വിജയ് ഹസാരെ ട്രോഫിയിൽ തകർപ്പൻ സെഞ്ചുറി നേടി ഇന്ത്യൻസൂപ്പർ താരം സ്റ്റുവാർട്ട് ബിന്നി. ഇന്ന് ഉത്തരാഖണ്ടിനെതിരെ നടന്ന മത്സരത്തിലാണ് നാഗാലൻഡ് താരമായ ബിന്നിയുടെ തകർപ്പൻ സെഞ്ചുറി പിറന്നത്. താരത്തിന്റെ സെഞ്ചുറി പക്ഷേ പാഴായി. ബിന്നിയുടെ സെഞ്ചുറി പിറന്ന മത്സരത്തിൽ അദ്ദേഹത്തിന്റെ ടീമായ നാഗാലൻഡ് 7 വിക്കറ്റിന്റെ തോൽവിയേറ്റുവാങ്ങുകയായിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നാഗാലൻഡ് 25/3 എന്ന നിലയിൽ പതറുമ്പോളായിരുന്നു അഞ്ചാമനായി ബിന്നി ക്രീസിലെത്തിയത്. തുടക്കം മുതൽ തകർപ്പൻ ഫോമിലായിരുന്ന ബിന്നി അനായാസം ബാറ്റ് ചെയ്ത് മുന്നേറിയെങ്കിലും മറുവശത്ത് ടീം പക്ഷേ തകരുകയായിരുന്നു. 108 പന്തുകളിൽ 7 വീതം ബൗണ്ടറികളും, സിക്സറുകളുമടക്കം 107 റൺസ് നേടിയാണ് ബിന്നി പുറത്തായത്. എന്നാൽ മറ്റ് താരങ്ങളാരും നാഗാലൻഡ് ബാറ്റിംഗിൽ തിളങ്ങാതിരുന്നതോടെ അവർ വെറും 174 റൺസിൽ പുറത്താവുകയായിരുന്നു. 175 റൺസിന്റെ വിജയ‌ലക്ഷ്യം പിന്തുടർന്ന ഉത്തരാഖണ്ടാകട്ടെ 36.2 ഓവറുകളിൽ 3 വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി.