SHARE

ടീമിലെ പേരുകേട്ട താരങ്ങളെല്ലാം നിരാശപ്പെടുത്തിയ മത്സരത്തിൽ ഒറ്റയാൾ പോരാട്ടം നടത്തിയ ഹാർദിക്ക് പാണ്ട്യ സെഞ്ചുറിക്ക് 7 റൺസ് അകലെ പുറത്തായി. ഏകദിന ശൈലിയിൽ ബാറ്റ് വീശി 95 പന്തിൽ നിന്ന് 93 റൺസ് നേടിയ താരത്തെ റബാഡയാണ് വീഴ്ത്തിയത്. പാണ്ട്യയുടേയും, വാലറ്റത്ത് മികച്ച രീതിയിൽ പിന്തുണ നൽകി ഭുവനേശ്വർ കുമാറിന്റെയും കരുത്തിൽ  ടീം ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ നേടിയത് 209 റൺസ്.

28/3 എന്ന നിലയിൽ രണ്ടാംദിനം കളി തുടങ്ങിയ ഇന്ത്യ ഒരു ഘട്ടത്തിൽ 92/7 എന്ന വൻ തകർച്ചയിലെത്തിയിരുന്നു. എന്നാൽ അവിടെ വെച്ച് ഒത്തു ചേർന്ന പാണ്ട്യയും, ഭുവനേശ്വർ കുമാറും ചേർന്ന് പതിയെ ടീമിനെ കരകയറ്റുകയായിരുന്നു. ഒൻപതാം വിക്കറ്റ് കൂട്ടുകെട്ടിൽ 99 റൺസാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി വെർണോൺ ഫിലാൻഡർ, റബാഡ എന്നിവർ മൂന്ന്  വിക്കറ്റുകൾ വീതം വീഴ്ത്തി.

ഏകദിന ശൈലിയിൽ ബാറ്റ് വീശിയ പാണ്ട്യ ചിലപ്പോളൊക്കെ ടി20 ശൈലിയിലേക്കും ഗിയർ മാറ്റി. പാണ്ട്യ ഫോമിലെത്തിയതോടെ താരത്തിനെതിരെ അങ്ങനെ പന്തെറിയണമെന്നറിയാതെ ദക്ഷിണാഫ്രിക്കൻ ബോളർമാർ പരുങ്ങി. ചായയ്ക്ക് പിരിയുന്നതിന് മുൻപുള്ള അവസാന 10 ഓവറുകളിൽ മാത്രം 65 റൺസാണ് പാണ്ട്യ – ഭുവി കൂട്ടുകെട്ട് നേടിയത്. തുടക്കത്തിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയെങ്കിലും പിന്നീട് ഭുവനേശ്വർ കുമാറും മികച്ച ബാറ്റിംഗ് പുറത്തെടുക്കുകയായിരുന്നു. നേരത്തെ ആദ്യ ഇന്നിംഗ്സിൽ 286 റൺസ് നേടിയിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് മത്സരത്തിൽ 77 റൺസിന്റെ മുൻ തൂക്കമുണ്ട്.