SHARE

ഇത്തവണ ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് കടുത്ത വെല്ലുവിളി നിറഞ്ഞതാണെന്നും, ഇതിന് കാരണം ടൂർണമെന്റിന്റെ ഫോർമാറ്റാണെന്നും ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. മുംബൈയിൽ ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് കോഹ്ലി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

1992 ന് ശേഷം ഇതാദ്യമായാണ് എല്ലാ ടീമുകളും റൗണ്ട് റോബിൻ ഫോർമ്മാറ്റിൽ നേർക്കുനേർ ഏറ്റുമുട്ടുന്നത്. ഫോർമാറ്റിൽ‌ വന്ന വ്യത്യാസം ഇത്തവണത്തെ ലോകകപ്പിനെ ചരിത്രത്തിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ലോകകപ്പാക്കി മാറ്റുമെന്നാണ് കോഹ്ലി പറയുന്നത്.

” ഫോർമ്മാറ്റിന്റെ പ്രത്യേകതകൾ കൊണ്ട് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ലോകകപ്പായിരിക്കും ഇത്തവണത്തേത്. ടീമുകളെയെല്ലാം നോക്കൂ, അവരെല്ലാം ശക്തരാണ്. അഫ്ഗാനിസ്ഥാൻ പോലും 2015 ൽവലിയ പുരോഗതി നേടി. എല്ലാ മത്സരത്തിലും ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടത് ഈ ലോകകപ്പിൽ അത്യാവശ്യമാണ്. ഇതൊരു പ്രത്യേക തരം വെല്ലുവിളിയാണ്, എല്ലാവരും അതിനോട് പൊരുത്തപ്പെട്ടേ മതിയാകൂ. ” കോഹ്ലി പറഞ്ഞുനിർത്തി.