SHARE

കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ നാളെ നടക്കുന്ന ഐ എസ് എൽ മത്സരത്തിൽ സൂപ്പർ താരം ടിം കാഹിൽ, ജംഷദ്പൂർ എഫ് സി യുടെ ആദ്യ ഇലവനിലുണ്ടാകില്ലെന്ന് സൂചന. മത്സരത്തിന് മുന്നോടിയായി ഇന്ന് നടന്ന പത്രസമ്മേളനത്തിൽ ജംഷദ്പൂർ പരിശീലകൻ സെസാർ ഫെർണാണ്ടോ തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. സീസണിൽ തങ്ങളുടെ രണ്ടാംഎവേ മത്സരത്തിനിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്‌‌ വലിയ ആശ്വാസം സമ്മാനിക്കുന്ന വാർത്തയാണിത്.

പത്രസമ്മേളനത്തിനിടെ സൂപ്പർ താരം ടിം കാഹിലിനെക്കുറിച്ച് ചോദിക്കവേ ജംഷദ്പൂർ പരിശീലകന്റെ മറുപടി ഇപ്രകാരമായിരുന്നു, ” ടിം ഫിറ്റാണ്, അദ്ദേഹം മൂന്ന് മത്സരങ്ങൾ കളിച്ച് കഴിഞ്ഞു, എന്നാൽ അദ്ദേഹത്തിന് പൂർണ ഫിറ്റ്നസിലെത്താൻ കുറച്ച് സമയം കൂടി ആവശ്യമുണ്ട്. നിലവിൽ എൺപത് ശതമാനത്തോളം ഫിറ്റ്നസുള്ള അദ്ദേഹത്തിന് തന്റെ ഏറ്റവും മികച്ച ഫിറ്റ്നസ് നിലവാരത്തിലെത്താൻ കുറച്ച് സമയം കൂടി വേണ്ടി വരും”.

ജംഷദ്പൂർ പരിശീലകന്റെ വാക്കുകളിൽ നിന്ന് നാളെ കേരളാബ്ലാസ്റ്റേഴ്സിനെതിരെയും കാഹിൽ‌ പകരക്കാരനായി കളിക്കാനിറങ്ങുമെന്ന സൂചനയാണ് ലഭിക്കുന്നത്‌. ജംഷദ്പൂരിന്റെ കഴിഞ്ഞ മത്സരത്തിലുംസബ്സ്റ്റിറ്റ്യൂട്ടായി കളിക്കാനിറങ്ങിയ ഈ ഓസ്ട്രേലിയൻ ഇതിഹാസ ഫുട്ബോളർക്ക് ഐ എസ് എല്ലിൽ ഇതേ വരെ തന്റെ അക്കൗണ്ട് തുറക്കാനായിട്ടില്ല.