ലോകഫുട്ബോൾ കണ്ട ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിലൊരാളാണ് സെസ്ക് ഫാബ്രിഗാസ്. ആഴ്സനൽ, ബാഴ്സലോണ, ചെൽസി തുടങ്ങിയ വമ്പന്മാർക്കായി കളിച്ചിട്ടുള്ള ഫാബ്രിഗാസ്, കഴിഞ്ഞ കുറച്ച് സീസണുകളായി ഫ്രഞ്ച് സൂപ്പർ ക്ലബ് മൊണാക്കോയുടെ ഭാഗമാണ്. എന്നാൽ ഇക്കുറി സീസൺ അവസാനിക്കുന്നതോടെ താരം ക്ലബ് വിടുകയാണ്.
2019 ജനുവരിയിൽ മൊണാക്കോയിലെത്തിയ ഫാബ്രിഗസിന് ഈ സീസൺ നിരാശയുടേതാണ്. പരുക്കിനെത്തുടർന്ന് വിരലിലെണ്ണാവുന്ന മത്സരങ്ങളേ ഇക്കുറി ഈ സ്പാനിഷ് മിഡഫീൽഡർക്ക് ലഭിച്ചിട്ടുള്ളു. ഈ സാഹചര്യത്തിലാണ് ഇക്കുറി കരാർ അവസാനിക്കുന്നതോടെ മൊണാക്കോയോട് വിടപറയാൻ ഫാബ്രിഗാസ് ഒരുങ്ങുന്നത്. യൂറോപ്പിലെ പ്രധാന ക്ലബുകളിലൊക്കെ കളിച്ചിട്ടുള്ള ഫാബ്രിഗസ് എന്നാൽ ഇനി ഏത് ക്ലബിന്റേയും ഓഫർ പരിഗണിക്കാൻ തയ്യാറാണെന്നും ഒരു ഫ്രഞ്ച് മാധ്യമത്തോട് പറഞ്ഞു.
അതേസമയം തന്നെ കഴിഞ്ഞ രണ്ട് മൂന്ന് ആഴ്ചകൾക്കിടെ തന്റെ ചില മുൻ പരിശീലകർ വിളിച്ചിരുന്നുവെന്നും ഫാബ്രിഗസ് വെളിപ്പെടുത്തി. ഫാബ്രിഗസിനെ കോച്ചിങ് സ്റ്റാഫിൽ ഉൾപ്പെടുത്താനായിരുന്നു അവരുടെ പദ്ധതി. എന്നാൽ തന്റെ കരിയർ അവസാനിച്ചിട്ടില്ലെന്നും ഇനിയും കളിക്കാൻ ആഗ്രഹമുണ്ടെന്നുമാണ് ഫാബ്രിഗാസ് പറയുന്നത്.