SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഏഴാം സീസണിൽ ചെന്നൈയിൻ എഫ്.സിയെ ബ്രസീൽ താരം റാഫേൽ ക്രിവെല്ലെറോ നയിക്കും. കഴിഞ്ഞ സീസണൊടുവിൽ ക്ലബ് വിട്ട റുമേനിയൻ താരം ലൂസിയൻ​ ​ഗോയന്റെ പിൻ​ഗാമിയായാണ് ക്രിവെല്ലെറോ ആംബാൻഡ് അണിയുക.

കഴിഞ്ഞ സീസണിൽ ചെന്നൈയിനായി മിന്നുന്ന പ്രകടനമായിരുന്നു ക്രിവെല്ലറോ നടത്തിയത്. സീസണിൽ ആകെ ഏഴ് ​ഗോൾ നേടിയ ഈ ബ്രസീലിയൻ പ്ലേമേക്കർ എട്ട് ​ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. തുടർന്ന് ഈ സീസണിലേക്ക് ക്ലബ് നിലനിർത്തിയ രണ്ട് താരങ്ങളിലൊരാളാണ് ക്രിവെല്ലെറോ. പിന്നാലെയിപ്പോൾ ക്യാപ്റ്റൻ ആം ബാൻഡും ഈ താരത്തെ തേടിയെത്തി.

ടീം നിലനിർത്തിയ മറ്റൊരു വിദേശതാരമായ ബ്രസീലിയൻ സെന്റർ ബാക്ക് എലി സാബിയ ടീം വൈസ് ക്യാപ്റ്റനാണ്. സാബിയക്കൊപ്പം ഇന്ത്യൻ താരം അനിരുദ്ധ ഥാപയേയും വൈസ് ക്യാപ്റ്റനായി നിയോ​ഗിച്ചു. വ്യാഴാഴ്ച ജെംഷദ്പുർ എഫ്.സിക്കെതിരെയാണ് ചെന്നൈയിന്റെ സീസണിലെ ആദ്യ മത്സരം.