SHARE

അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടത്തിൽ സീനിയർ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനൊപ്പമെത്തി യുസ്വേന്ദ്ര ചഹൽ. ഇന്നലെ ഹൈദരാബാദിൽ വെസ്റ്റിൻഡീസിനെതിരെ നടന്ന ആദ്യ ടി20 മത്സരത്തിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയതോടെയാണ് ചഹൽ ഈ നേട്ടത്തിലെത്തിയത്.

ഹരിയാന സ്പിന്നറായ ചഹൽ വിൻഡീസിനെതിരായ ആദ്യ ടി20 മത്സരത്തിൽ 4 ഓവറുകളിൽ 36 റൺസ് വഴങ്ങിയാണ് രണ്ട് വിക്കറ്റുകൾ വീഴ്ത്തിയത്‌. വിൻഡീസ് നായകൻ കീറൺ പൊള്ളാർഡിനെ ക്ലീൻ ബൗൾഡാക്കി മത്സരത്തിൽ തന്റെ രണ്ടാം വിക്കറ്റ് നേടിയപ്പോളായിരുന്നു ടി20യിലെ ഇന്ത്യൻ വിക്കറ്റ് വേട്ടയിൽ അശ്വിനൊപ്പം ഒന്നാം സ്ഥാനത്ത് ചഹലെത്തിയത്. ഇന്നലത്തെ മത്സരത്തോടെ 35 അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ ചഹലിന്റെ വിക്കറ്റ് നേട്ടം 52 ആയി. 46 ടി20 മത്സരങ്ങളിൽ ഇത്രയും വിക്കറ്റുകൾ വീഴ്ത്തിയ രവിചന്ദ്രൻ അശ്വിന്റെ മാത്രം പേരിലായിരുന്നു ഇത്രയും‌ നാൾ ടി20 വിക്കറ്റ് വേട്ടയിലെ ഇന്ത്യൻ റെക്കോർഡ്. ഇതാണ് ഇപ്പോൾ ചഹലിന് കൂടി സ്വന്തമായിരിക്കുന്നത്.