SHARE

ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ ഇതുപോലൊരു അപകടം പതിയിരുപ്പുണ്ടെന്നു ബംഗ്ലാദേശ് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല. ഇന്ത്യയ്‌ക്കെതിരെ മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനെ പിഴുതെറിഞ്ഞത് കൊടുങ്കാറ്റായി മാറിയ ചാഹറായിരുന്നു. ഈ പ്രകടനത്തിലൂടെ ലോക റെക്കോര്‍ഡിലേയ്ക്ക് കൂടിയാണ് ചാഹര്‍ കാലെടുത്ത് വച്ചത്.

എറിഞ്ഞത് 20 ബോളുകള്‍. അതില്‍ ആറു ബോളിലും വിക്കറ്റ്‌ വിട്ടു കൊടുത്തതോ വെറും ഏഴു റണ്‍സും. ട്വന്റി-ട്വന്റിയില്‍ ഒരു താരത്തിന്റെ എറ്റവും മികച്ച പ്രകടനമായി റെക്കോര്‍ഡ് പുസ്തകത്തില്‍ ചേര്‍ക്കപ്പെടുകയും ചെയ്തു. ശ്രീലങ്കയുടെ അജന്ത മെന്‍ഡീസിന്റെ പ്രകടനമാണ് ഇവിടെ വഴിമാറിയത്. സിംബാബ്‌വെയ്‌ക്കെതിരെ നടത്തിയ എട്ടു റണ്‍സിന് ആറു വിക്കറ്റ് പ്രകടനമാണ് മെന്‍ഡീസിന്റെ മികച്ച പ്രകടനം.

18-ാം ഓവറിന്റെ അവസാന പന്തില്‍ ഷാഫുള്‍ ഇസ്ലാമിനെ വീഴ്ത്തിയ ചാഹര്‍ അവസാന ഓവറിന്റെ ആദ്യ രണ്ട് പന്തുകളില്‍ യഥാക്രമം മുസ്താഫിസൂര്‍ റഹ്മാന്‍ ,അമിനുള്‍ ഇസ്ലാം എന്നിവരെ വീഴ്ത്തിയാണ് ഹാട്രിക് നേട്ടം സ്വന്തമാക്കിയത്. ഈ പ്രകടനത്തോടെ പരമ്പരയിലെ മാന്‍ ഓഫ് ദി മാച്ചും മാന്‍ ഓഫ ദി സീരിസും ചാഹറിനാണ്.