SHARE

യുവേഫാ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ റയല്‍ മഡ്രിഡ് ബയേണ്‍ മ്യൂണിക്കിനെയും ലിവര്‍പൂള്‍ റോമയെയും നേരിടും. അല്‍പ്പസമയം മുമ്പാണ് സെമിഫൈനല്‍ മത്സരങ്ങള്‍ തീരുമാനിക്കുന്നതിന് വേണ്ടിയുള്ള നറുക്കെടുപ്പ് നടന്നത്. ഏപ്രില്‍ 24, 25 തിയ്യതികളിലാണ് ആദ്യ പാദ സെമിഫൈനല്‍ നടക്കുന്നത്. മെയ് ഒന്നിനും രണ്ടിനുമായി രണ്ടാം പാദവും നടക്കും.

ലിവർപൂൾ ഗോൾ വേട്ടക്കാരൻ മുഹമ്മദ് സാല തൻ്റെ മുൻ ക്ലബിനെ നേരിടുന്ന നിമിഷങ്ങൾക്കാണ് സെമിഫൈനൽ പോരാട്ടം സാക്ഷിയാവാൻ പോവുന്നത്.  യുവന്റസിനെതിരെ അവസാന നിമിഷത്തില്‍ ഗോള്‍ നേടി വിജയിച്ചാണ് റയല്‍ മഡ്രിഡ് സെമിഫൈനലില്‍ കടന്നത്. ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഒന്നാമന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ഇരുപാദ മത്സരങ്ങളിലും തോല്‍പ്പിക്കുകയായിരുന്നു.

രണ്ടാം പാദമത്സരത്തില്‍ ബാഴ്‌സലോണയെ മൂന്നു ഗോളിന് തകര്‍ത്തുവിട്ട കരുത്തുമായാണ് റോമ സെമിഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. ആദ്യ മത്സരത്തില്‍ 4-1ന് പരാജയപ്പെട്ടതിന് ശേഷമായിരുന്നു റോമയുടെ ശക്തമായ തിരിച്ചുവരവ്. ബയേണ്‍ മ്യൂണിക്ക് സെവിയ്യയെയാണ് ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്.