SHARE

അയാക്സിനെ ഞെട്ടിച്ച് ടോട്ടനം ഹോട്സ്പർസും മുന്നേറിയതോടെ ചാമ്പ്യൻസ് ലീ​ഗിൽ ഇക്കുറി ഇം​ഗ്ലീഷ് ഫൈനൽ. ബാഴ്സലോണയെ സെമിയിൽ തകർത്ത ലിവർപൂളാണ് കലാശപ്പോരിൽ ടോട്ടനത്തെ നേരിടുന്നത്. ഇന്ത്യൻ സമയം ജൂൺ ഒന്നിന് രാത്രി 12.30-ന് മഡ്രിഡിലാണ് ഫൈനൽ അരങ്ങേറുക

2008-ന് ശേഷം ഇതാദ്യമായാണ് രണ്ട് ഇം​ഗ്ലീഷ് ക്ലബുകൾ ചാമ്പ്യൻസ് ലീ​ഗ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. മോസ്കോയിൽ നടന്ന അന്നത്തെ കലാശപ്പോരിൽ മാ‍ഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. നിശ്ചിതസമയത്ത് സമനിലയായ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ യുണൈറ്റഡ് വിജയിക്കുകയായിരുന്നു. പിന്നീട് തൊട്ടടുത്ത വർഷവും 2011-ലും യുണൈറ്റഡ് ഫൈനലിലെത്തിയെങ്കിലും ബാഴ്സയോട് തോറ്റുപുറത്താകാനായിരുന്നു വിധി.

2012-ലാണ് ഇതിനുമുമ്പ് ഒരു ഇം​ഗ്ലീഷ് ടീം ചാമ്പ്യൻസ് ലീ​ഗ് കിരീടമുയർത്തുന്നത്. മ്യൂണിച്ചിൽ നടന്ന അന്നത്തെ പോരാട്ടത്തിൽ ബയേൺ മ്യൂണിച്ചിനെ കീഴടക്കി ചെൽസിയാണ് കിരീടം ചൂടിയത്. അതിന് ശേഷം കഴിഞ്ഞവർഷമാണ് ലിവർപൂളിലൂടെ ഒരു ഇം​ഗ്ലീഷ് ടീം ചാമ്പ്യൻസ് ലീ​ഗ് ഫൈനലിലെത്തിയത്. എന്നാൽ ഹാട്രിക്ക് ലക്ഷ്യമിട്ടെത്തിയ റയൽ മഡ്രിഡിന് മുന്നിൽ കീഴടങ്ങാനായിരുന്നു ചെമ്പടയുടെ വിധി