SHARE

യൂവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ യുവന്റസും ടോട്ടനവും തമ്മിലുള്ള മത്സരം സമനിലയിലായി. യുവന്റസിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി.

സീസണില്‍ അവസാനം നടന്ന പതിനാറ് മത്സരങ്ങളില്‍ നിന്ന് ഒരു ഗോള്‍ മാത്രം വഴങ്ങിയതിന്റെ ആത്മ വിശ്വാസത്തിലാണ് യുവന്റസ് ഇംഗ്ലീഷ് ക്ലബിനെ നേരിട്ടത്. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ അര്‍ജന്റൈന്‍ താരം ഗോണ്‍സാലോ ഹിഗ്വെയിന്റെ ഗോളില്‍ യുവന്റസ് ലീഡ് നേടി. ഒമ്പതാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ഹിഗ്വെയിന്‍ യുവന്റസിന്റെ ലീഡ് വര്‍ധിപ്പിച്ചു.

എന്നാല്‍ തിരച്ചടിച്ച ടോട്ടനം 35-ാം മിനിറ്റില്‍ സൂപ്പര്‍ താരം ഹാരി കെയിനിലൂടെ ടോട്ടനം ഗോള്‍ മടക്കി. ഇതിനിടയില്‍ പെനാല്‍റ്റിയടക്കം ഒട്ടേറെ സുവര്‍ണാവസരങ്ങള്‍ ലഭിച്ചത് ഹിഗ്വെയിന്‍ പാഴാക്കി. തുടര്‍ന്ന് 71-ാം മിനിറ്റില്‍, ലഭിച്ച ഫ്രീക്കിക്ക് വലയിലെത്തിച്ച് ഡാനിഷ് താരം ക്രിസ്റ്റ്യന്‍ എറിക്‌സന്‍ ടോട്ടനത്തിന് സമനില നേടിക്കൊടുത്തു.
യുവന്റസിന്റെ മൈതാനത്ത് നേടിയ രണ്ട് എവേ ഗോളുകളുടെ ആനുകൂല്യം, രണ്ടാം പാദ മത്സരത്തില്‍ ടോട്ടനത്തിന് ഗുണമാകും.

ചാമ്പ്യന്‍സ് ലീഗിലെ മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി സ്വിസ് ക്ലബ്  ബാസെലിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്തു. ബാസെലിന്റെ മൈതാനത്തായിരുന്നു സിറ്റിയുടെ അശ്വമേധം. ഐകെ ഗുന്‍ഡോഗന്‍ ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍, സെര്‍ജിയോ അഗ്യൂറോ. ബെര്‍ണാര്‍ഡോ സില്‍വ എന്നിവരാണ് സിറ്റിയുടെ മറ്റ് ഗോളുകള്‍ നേടിയത്.