SHARE

ഇരട്ടഗോളുകളുമായി സൂപ്പർ താരം ലയണൽ മെസി തകർത്താടിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 3-0 ന് തകർത്ത് ബാഴ്സലോണ, ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിലെത്തി. തങ്ങളുടെ സ്വന്തം തട്ടകമായ ക്യാമ്പ്നൗവിൽ നടന്ന പോരാട്ടത്തിൽ മറുപടിയില്ലാത്ത 3 ഗോളുകൾക്ക്‌ വിജയം നേടിയ ബാഴ്സ ഇരുപാദങ്ങളിലുമായി 4 ഗോൾ മുൻ തൂക്കത്തോടെയാണ് സെമിയിലെത്തിയത്. നേരത്തെ ഓൾഡ് ട്രാഫോഡിൽ നടന്ന ആദ്യ പാദ ക്വാർട്ടറിൽ ബാഴ്സ 1-0 ന് വിജയിച്ചിരുന്നു.

ക്യാമ്പ് നൗവിലെ ആർത്തിരമ്പും ഗ്യാലറിക്ക് മുന്നിൽ മത്സരത്തിന്റെ പതിനാറാം മിനുറ്റിൽ ലയണൽ മെസി ആദ്യ വെടി പൊട്ടിച്ചു. നാല് മിനുറ്റുകൾക്ക്‌ ശേഷം‌ മെസി വീണ്ടും ഗോൾ ആവർത്തിച്ചു. ആദ്യ പകുതിക്ക് പിരിയുമ്പോൾ 2-0 ആയിരുന്നു മത്സരത്തിലെ സ്കോർ. അറുപത്തിയൊന്നാം മിനുറ്റിൽ കുട്ടീഞ്ഞോ നേടിയ ഗോൾ കൂടിയായതോടെ യുണൈറ്റഡിന്റെ പതനം പൂർത്തിയാവുകയായിരുന്നു.

ഇന്നലെ നടന്ന മറ്റൊരു ക്വാർട്ടർ പോരാട്ടത്തിൽ യുവന്റസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മറികടന്ന അയാക്സും ചാമ്പ്യൻസ് ലീഗ് സെമിയിലെത്തി. ടോറിനോയിൽ നടന്ന മത്സരത്തിന്റെ ഇരുപത്തിയെട്ടാം മിനുറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിനായി ആദ്യംഗോൾ നേടി.എന്നാൽ 6 മിനുറ്റുകൾക്കുള്ളിൽ വാൻ ഡി ബീക്കിലൂടെ അവർ തിരിച്ചടിച്ചു. അറുപത്തിയേഴാം മിനുറ്റിൽ ഡി ലൈറ്റ് നേടിയ ഗോൾ കൂടിയായതോടെ അയാക്സ് മത്സരത്തിൽ പിടിമുറുക്കുകയായിരുന്നു. നേരത്തെ ഇരുവരും തമ്മിലുള്ള ആദ്യ പാദ ക്വാർട്ടർ 1-1 എന്ന സ്കോറിൽ അവസാനിച്ചിരുന്നു.