യുവേഫ ചാമ്പ്യൻസ് ലീഗിൽ പ്രീക്വാർട്ടർ സ്ഥാനമുറപ്പിച്ച് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയും നിലവിലെ ജേതാക്കളായ ജർമൻ ക്ലബ് ബയേൺ മ്യൂണിച്ചും. റെഡ്ബുൾ സാൽസ്ബർഗിനെ വീഴ്ത്തിയാണ് ബയേൺ നോക്കൗട്ട് ഉറപ്പിച്ചത്. സിറ്റിയാകെട്ടെ ഒളിംപിയാക്കോസിനെ വീഴ്ത്തി.
സ്വന്തം മൈതാനത്ത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബയേണിന്റെ ജയം. റോബർട്ട് ലെവൻഡോവ്സ്കി, കിങ്സ്ലി കോമാന്, ലിറോയ് സാനെ എന്നിവർ ബയേണിനായി വലകുലുക്കി. സ്വന്തം തട്ടകത്തിൽ ഒളിംപിയാക്കോസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി തോൽപ്പിച്ചത്. യുവതാരം ഫിൽ ഫോഡഡനാണ് സിറ്റിയുടെ വിജയഗോൾ നേടിയത്.
ചാമ്പ്യൻസ് ലീഗിലെ സൂപ്പർപോരാട്ടത്തിൽ ഇന്റർ മിലാനെ റയൽ മഡ്രിഡ് തോൽപ്പിച്ചു. ഇന്ററിന്റെ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു റയലിന്റെ ജയം. ഈഡൻ ഹസാർഡ് റയലിനായി വലകുലുക്കി. ഒപ്പം ഇന്ററർ താരം അഷ്റഫ് ഹക്കിമിയുടെ സെൽഫ് ഗോളും റയലിന് ഗുണം ചെയ്തു.
ചാമ്പ്യൻസ് ലീഗിൽ സ്വന്തം തട്ടകത്തിലാണ് ലിവർപൂൾ തോൽവി വഴങ്ങിയത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഇറ്റാലിയൻ ക്ലബ് അറ്റലാന്റെ ലിവർപൂളിനെ പറപ്പിച്ചത്. ജോസഫ് ഇലിസിച്ച്, റോബിൻ ഗോസൻസ് എന്നിവർ അറ്റലാന്റയ്ക്കായി ഗോളുകൾ നേടി.