SHARE

മൗറീസിയോ സാരിക്ക് പകരം യുവന്റസിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ ആന്ദ്രെ പിർലോ ടീമിൽ വൻ അഴിച്ചു പണി നടത്താൻ ഒരുങ്ങുന്നു. ഇതിന്റെ ആദ്യ പടിയായി ക്ലബ്ബിന്റെ സൂപ്പർ താരമായ പൗളോ ഡിബാലയെ, മാഞ്ചസ്റ്റർ യുണൈറ്റഡിന് വിട്ടു കൊടുത്ത് പകരം‌ പോൾ പോഗ്ബയെ ടീമിലെത്തിക്കാൻ അദ്ദേഹത്തിന് പദ്ധതികളുണ്ടെന്നാണ് റിപ്പോർട്ട്.

ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ടീം നടത്തേണ്ട ട്രാൻസ്ഫറുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പിർലോ, ക്ലബ്ബ് ഡയറക്ടർമാരുമായി ചർച്ച നടത്തിയതായി വിവിധ ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ പിർലോ പ്രധാനമായും ചൂണ്ടിക്കാട്ടിയത് ക്ലബ്ബിന്റെ മുൻ താരം കൂടിയായിരുന്ന പോൾ പോഗ്ബയെ യുവന്റസിലേക്ക് തിരിച്ചെത്തിക്കണം എന്നായിരുന്നുവെന്നുള്ള സൂചനകൾ പുറത്ത് വന്നിട്ടുണ്ട്. ഇതിനായി ടീമിന്റെ അർജന്റൈൻ സൂപ്പർ താരം പൗളോ ഡിബാലയെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിട്ടു നൽകാൻ പിർലോ താല്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.

-Advertisement-

അതേ സമയം യുവന്റസിലേക്ക് തിരിച്ചു പോകാൻ പോഗ്ബയ്ക്ക് താല്പര്യമുണ്ടെന്ന് കഴിഞ്ഞയിടയ്ക്ക് താരത്തിന്റെ ഏജന്റ് വ്യക്തമാക്കിയിരുന്നു. നിലവിൽ ഒരു വർഷം കൂടി മാത്രം യുണൈറ്റഡുമായി കരാർ ബാക്കിയുള്ള‌ ഫ്രെഞ്ച് താരത്തെ ഇത്തവണ‌ ടീമിലെത്തിക്കാൻ കഴിയുമെന്ന് തന്നെയാണ് യുവന്റസ് കണക്ക് കൂട്ടുന്നത്. എന്നാൽ ഇതിന് പകരം പൗളോ ഡിബാലയെ വിട്ടു കൊടുക്കേണ്ടി‌ വന്നാൽ അത് ടീമിന് തിരിച്ചടിയാവാൻ സാധ്യതയുണ്ട്. കഴിഞ്ഞ സീസണിൽ‌സീരി എ യിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ഡിബാലയെ മറ്റൊരു ക്ലബ്ബിന് കൈമാറുന്നതിൽ യുവന്റസ് ആരാധകർക്കും എതിർപ്പുണ്ട്.