SHARE

വെസ്റ്റിൻഡീസ് ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ശിവ്നരൈൻ ചന്ദർപോൾ. പ്രതിരോധ ബാറ്റിംഗിന്റെ ആശാനായിരുന്ന ഈ ഇടം കൈയ്യൻ ബാറ്റ്സ്മാൻ കളിച്ച് കൊണ്ടിരുന്ന സമയത്ത് ബോളർമാരുടെയെല്ലാം പേടിസ്വപ്നമായിരുന്നു‌. 1994 മുതൽ 2011 വരെ നീണ്ടു നിന്ന അന്താരാഷ്ട്ര കരിയറിനിടയ്ക്ക് 268 ഏകദിനങ്ങളും 164 ടെസ്റ്റ് മത്സരങ്ങളും ചന്ദർപോൾ കളിച്ചു. ഇരുപതിനായിരത്തിലധികം അന്താരാഷ്ട്ര റൺസുകൾ സ്വന്തമാക്കിയിട്ടുള്ള ചന്ദർപോൾ ഇപ്പോളിതാ വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുന്നു. എന്നാൽ ഇത്തവണ അദ്ദേഹം വാർത്തകളിൽ വരാൻ കാരണം പുത്രൻ ടഗ് നരൈൻ ചന്ദർപോൾ ആണ്.

അച്ഛന്റെ പാത പിന്തുടർന്ന് ക്രിക്കറ്റ് മൈതാനത്തേക്കെത്തിയ ടഗ് നരൈൻ, കഴിഞ്ഞ ദിവസം നടന്ന വെസ്റ്റിൻഡീസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കാഴ്ച വെച്ച ബാറ്റിംഗാണ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. ഗയാനയുടെ താരമായ ജൂനിയർ ചന്ദർപോൾ കഴിഞ്ഞ ദിവസം നടന്ന വെസ്റ്റിൻഡീസ് ചാമ്പ്യൻഷിപ്പ്‌ മത്സരത്തിന്റെ ആദ്യ ദിനം മുഴുവനും ക്രീസിൽ ചിലവഴിച്ച് നേടിയത് 66 റൺസാണ്. 274 പന്തുകളാണ് (45.4 ഓവർ) ഈ ദിവസം ജൂനിയർ ചന്ദർപോൾ ഒറ്റയ്ക്ക് നേരിട്ടത്‌. പ്രതിരോധത്തിന്റെ ആശാനായ അച്ഛനെപ്പോലെ, മകനും എതിർ ബോളർമാരുടെ ക്ഷമ തല്ലിക്കെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ടഗ് നരൈന്റെ ഈ പ്രകടനം കണ്ടതോടെ അദ്ദേഹത്തെ പിതാവ് ചന്ദർപോളിനോട് താരമത്യംചെയ്യുകയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം. അച്ഛന്റെ പാത പിന്തുടരുന്ന മകൻ അധികംവൈകാതെ ദേശീയ ടീമിലുമെത്തുമെന്നാണ് ഇപ്പോൾ വിൻഡീസ് ക്രിക്കറ്റിലെ‌ സംസാരം.