SHARE

ഒരുവര്‍ഷത്തിനിടെ ശ്രീലങ്ക എത്രതവണ ക്യാപ്റ്റനെ മാറ്റിയെന്ന കാര്യത്തില്‍ സെലക്ടര്‍മാര്‍ക്കു പോലും ധാരണ ഉണ്ടാകില്ല. ഇപ്പോഴിതാ ഏഷ്യാകപ്പിലെ നാണക്കേടിന് പിന്നാലെ എയ്ഞ്ചലോ മാത്യൂസ് നായകസ്ഥാനത്തു നിന്നും പടിയിറങ്ങി. ദിനേഷ് ചണ്ഡിമലാണ് പുതിയ തലവന്‍. ഒരുവര്‍ഷത്തിനിടെ രണ്ടുതവണയാണ് മാത്യൂസ് സ്ഥാനത്യാഗം നടത്തുന്നത്.

ഈ വര്‍ഷം ജനുവരിയില്‍ മാത്യൂസിനെ എല്ലാ ഫോര്‍മാറ്റിലും ക്യാപ്റ്റനായി നിശ്ചയിച്ചിരുന്നു. എന്നാല്‍ രണ്ടാഴ്ച്ചയ്ക്കിടെ പരിക്ക് വില്ലനായതോടെ മാത്യൂസ് പിന്‍വാങ്ങി. അതോടെ ചണ്ഡിമല്‍ പകരക്കാരനായി. പിന്നീട് ചണ്ഡിമലിനെ മാറ്റി ഉപുല്‍ തരംഗയെയും തിസര പെരേരയെയും നായകരാക്കിയെങ്കിലും ടീം രക്ഷപ്പെട്ടില്ല. അടുത്തമാസം ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ തന്നെയാണ് ചണ്ഡിമലിന്റെ ആദ്യ പരീക്ഷണം.

ഏഷ്യാകപ്പില്‍ ബംഗ്ലാദേശിനോടും അഫ്ഗാനോടും നാണംകെട്ട വന്‍ തോല്‍വിയാണ് ലങ്ക വഴങ്ങിയത്. അതും നേരിയ പോരാട്ടവീര്യം പോലും കാണിക്കാതെ. ആരാധകര്‍ ടീമിനെതിരേ തിരിഞ്ഞിരിക്കുകയാണ്. കളിക്കാരുടെ ആത്മാര്‍ഥതയില്ലായ്മയാണ് ലങ്കയുടെ തിരിച്ചടികള്‍ക്ക് കാരണമെന്നാണ് മുന്‍കാല താരങ്ങളും പറയുന്നത്.