SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഒമ്പതാം സീസണിൽ ആർക്കും ഒപ്പം പിടിക്കാൻ പോലെ കഴിയാതെ കുതിക്കുകയാണ് മുംബൈ സിറ്റി. സീസണിലിതുവരെ തോൽവിയറിയാതെ കുതിക്കുന്ന അവർ പ്ലേ ഓഫ് ഏറ്റവും ആദ്യം ഉറപ്പിച്ച ടീം കൂടിയാണ്. ഐഎസ്എൽ ഡബിളാണ് ഇക്കുറിയും മുംബൈ ലക്ഷ്യമിടുന്നത്.

ഇം​ഗ്ലീഷ് പരിശീലകൻ ഡെസ് ബക്കിങ്ങാമിന്റെ തകർപ്പൻ കളിശൈലിയാണ് മുംബൈയുടെ കുതിപ്പിന്റെ അടിസ്ഥാനം. വിദേശതാരങ്ങൾക്കൊപ്പം ഇന്ത്യൻ കളിക്കാർക്കാരിലും വിശ്വാസമർപ്പിച്ചാണ് ബക്കിങ്ങാം തന്ത്രങ്ങൾ മെനയുന്നത്. സ്റ്റാർ വിങ്ങർ ലാലിയൻസുല ചാങ്തെയുടെ തകർപ്പൻ പ്രകടനം ഇത് തെളിയിക്കുന്നു. സീസണിൽ എട്ട് ​ഗോൾ നേടിയ ചാങ്തെ നാല് ​ഗോളിന് വഴിയുമൊരുക്കി. കഴിഞ്ഞ ദിവസം ഐഎസ്എൽ മിഡീയ ടീമിനോട് സംസാരിച്ച ചാങ്തെ, ബക്കിങ്ങാമിനെ വാനോളം പുകഴ്ത്തി.

ബക്കിങ്ങാമിനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തെന്റെ ഫുട്ബോൾശൈലിയാണ്, എല്ലാ കളിക്കാർക്കും അവസരം കൊടുക്കാനാണ് അദ്ദേഹം ആ​ഗ്രഹിക്കുന്നത്, പിന്നിൽ നിന്ന് കളി മെനയാനാണ് അദ്ദേഹം ആ​വശ്യപ്പെടുക, ഓരോ കളിക്കാരുടേയും കഴവിൽ അദ്ദേഹം വിശ്വസിക്കുന്നുണ്ട്, അതുകൊണ്ട് തന്നെയാണ് ഓരോരുത്തർക്കും അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുന്നത്, ചാങ്തെ പറഞ്ഞു.

ബക്കിങ്ങാമിനെക്കുറിച്ച് എനിക്ക് വളരെ ഇഷ്ടമുള്ള ഒരു കാര്യം അദ്ദേഹം ഓരോ കളിയേയും സമീപിക്കുന്ന രീതിയാണ്, ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഏറ്റവും ഒടുവിലുള്ള ടീമായാലും ഏഎഫ്സി ചാമ്പ്യൻസ് ലീ​ഗ് കളിക്കുന്ന ടീമായാലും ഒരേപോലെയാണ് ബക്കിങ്ങാം കാണുന്നത്, വിജയിക്കാനുള്ള ആ​ഗ്രഹവും കളിയോടുള്ള മനോഭാവവും ഒരുപോലെയായിരിക്കും, ചാങ്തെ പറഞ്ഞു.