SHARE

അതിരില്ലാത്ത നീലാകാശം പോലെയായിരുന്നു അവരുടെ സ്വപനങ്ങള്‍. അതേ നീലാകാശത്ത്, പ്രതീക്ഷകളുടെ സുവര്‍ണമേഘങ്ങളുടെ അകമ്പടിയോടെയായിരുന്നു അവരുടെ യാത്ര. ടീമിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം ലക്ഷ്യമിട്ട് ആടിപ്പാടിയായിരുന്നു അവര്‍ യാത്ര തിരിച്ചത്. ഒരു നിമിഷം മതിയല്ലോ എല്ലാം അവസാനിക്കാന്‍, സന്തോഷങ്ങള്‍ കെട്ടടങ്ങാന്‍.

2016 നവംബര്‍ 28-ന് കൊളംബിയയിലെ മെഡലിനിലെ വിമാനത്താവളത്തിനടുത്തുള്ള മലനിരകളിലേക്ക് സ്വപ്‌നങ്ങളും പ്രതീക്ഷകളും നിറച്ച വിമാനം ഇടിച്ചിറങ്ങി. വിമാനത്തിലുണ്ടായിരുന്ന 77 പേരില്‍ രക്ഷപ്പെട്ടത് ആറ് പേര്‍ മാത്രമായിരുന്നു. ഫുട്‌ബോള്‍ ചരിത്രം നേരിട്ട ഏറ്റവും വലിയ വിമാനപകടമാണ് ഇത്.

വിമാനപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഗോള്‍ക്കീപ്പര്‍ ജാക്‌സണ്‍ ഫോള്‍മന്‍

യൂറോപ്പ ലീഗിനോട് സമാനമായ, ലാറ്റിനമേരിക്കയിലെ കോപ്പ സുഡാമേരിക്കാന ഫൈനല്‍ ആദ്യ പാദ മത്സരത്തിനായി പോകുകയായിരുന്ന ബ്രസീലിയന്‍ ക്ലബ് ഷെപെകോയന്‍സിന്റെ 23 കളിക്കാരും പരിശീലകനടക്കമുള്ള കോച്ചിങ് സ്റ്റാഫുമാണ് ആ മല മടക്കുകളില്‍ എരിഞ്ഞടങ്ങിയത്.

 

1973-ല്‍ രൂപീകരിച്ച ക്ലബിന്റെ ആദ്യ കോപ്പ സുഡാമേരിക്കാന ഫൈനലായിരുന്നു അത്. കൊളംബിയന്‍ ക്ലബ് അത്‌ലെറ്റിക്കോ നാഷ്ണലായിരുന്ന ഫൈനലിലെ എതിരാളികള്‍.വിമാനാപകടത്തെത്തുടര്‍ന്ന് മത്സരം മാറ്റിവെച്ചു.തുടര്‍ന്ന കിരീടം ഷെപെകോയന്‍സിന് നല്‍കിയാദരിക്കാന്‍, അത്‌ലെറ്റിക്കോ നാഷണ്ല്‍ അധികൃതരോട് ആവശ്യപ്പെട്ടു.

എരിഞ്ഞടങ്ങിയ സ്വപനങ്ങള്‍

ഫുട്‌ബോള്‍ വെറുമൊരു മത്സരം മാത്രമല്ലെന്ന വാക്കുകള്‍ അടിവരയിട്ട് ഉറപ്പിക്കുന്ന തരത്തിലുള്ള പിന്തുണയാണ് ഫുട്‌ബോള്‍ ലോകത്ത് നിന്ന് ഷെപെകോയന്‍സിന് ലഭിച്ചത്. മറ്റ് ബ്രസീലിയന്‍ ടീമുകള്‍ അവരുടെ കളിക്കാരെ വിട്ടുനല്‍കാമെന്ന് പ്രഖ്യാപിച്ചു.

അതോടൊപ്പം മൂന്ന് വര്‍ഷത്തേക്ക് തരംതാഴ്ത്തലില്‍ നിന്ന് ഷെപകോയന്‍സിന് സംരക്ഷം ഉറപ്പാക്കണമെന്നും അവര്‍ ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ന്നുവരാന്‍ മനസിലുറപ്പിച്ച ഷെപെകോയന്‍സ് , ആ സഹായം സ്‌നേഹപൂര്‍വം നിരസിച്ചു.

കോപ സുഡാമേരിക്കാന ജേതാക്കള്‍ എന്ന നിലയില്‍ കോപ്പ ലിബര്‍ട്ടോസ് കപ്പിന് യോഗ്യത നേടി.
ടീമിന്റെ യുവതാരങ്ങളേയും മറ്റ് ക്ലബുകളില്‍ നിന്ന് ലോണിന് എത്തിയവരും ചേര്‍ന്ന ഷെപെകോയന്‍സ് ടീം ആദ്യ മത്സരത്തില്‍ വെനസ്വേലന്‍ ക്ലബായ സുലിയയെ പരാജയപ്പെടുത്തി. ഏഴാം ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

ഷെപെകോയന്‍സിന്റെ ആരാധകന്‍

ബ്രസീലിയന്‍ സെരി എയില്‍ 37 മത്സരങ്ങളില്‍ നിന്ന് 14 വിജയവുമായി 51 പോയിന്റോടെ അവര്‍ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത്.

ഒരു ചെറിയ ഫുട്‌ബോള്‍ ടീമായിരുന്നു ഷെപെകോയന്‍സ്, അവരുടെ വലിയ ആഗ്രഹമായിരുന്നു ആ മത്സരം. വിജയിക്കാമെന്ന ആത്മവിശ്വാസം അവര്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ വിധി അവരില്‍ മൂന്ന് പേര്‍ക്കൊഴികെ  എല്ലാവര്‍ക്കും ചുവപ്പുകാര്‍ഡ് നല്‍കി. എന്നാല്‍ ആ ടീമിന്റെ ആത്മവിശ്വാസം നഷ്ടമായില്ല. അവര്‍ ഉയര്‍ന്നുവന്നും ചാരത്തില്‍ നിന്ന്, ഒരു ഫീനിക്‌സ് പക്ഷിയേപ്പോലെ.