SHARE

ലോകകപ്പിലേയും, ശേഷം ഇന്ത്യയ്ക്കെതിരെ നാട്ടിൽ വെച്ച് നടന്ന പരമ്പരയിലേയും മോശം പ്രകടനം തങ്ങളുടെ ടീമിൽ അടിമുടി മാറ്റങ്ങൾ വരുത്താൻ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡിനെ പ്രേരിപ്പിച്ചിരുന്നു‌. ഇതിന്റെ ഫലമായാണ് വെറ്ററൻ ഓൾ റൗണ്ടർ കീറൻ പൊള്ളാഡിനെ തങ്ങളുടെ ഏകദിന, ടി20 ടീമുകളുടെ നായകനായി വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചത്. നായകനായി സ്ഥാനമേറ്റെടുത്ത ആദ്യ പരമ്പരയിൽ വെസ്റ്റിൻഡീസിനെ വിജയത്തിലേക്ക് നയിച്ച് താരമായിരിക്കുകയാണ് ഇപ്പോൾ അവരുടെ സീനിയർ താരം കീറൺ പൊള്ളാർഡ്.

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ വിൻഡീസിനെ വിജയത്തിലേക്ക് നയിച്ച പൊള്ളാർഡ്, അവസാന ഏകദിന മത്സരത്തിൽ കാണിച്ച പ്രവൃത്തി ക്രിക്കറ്റ് ലോകത്തിന് മുഴുവൻ വലിയ പൊട്ടിച്ചിരി‌‌ സമ്മാനിക്കുന്നതാണ്. ലക്നൗവിലെ അടൽ ബിഹാരി വാജ്പേയി സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തിലായിരുന്നു ഈ സംഭവം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്റെ ഇരുപത്തിയഞ്ചാം ഓവർ എറിയാനെത്തിയത് പൊള്ളാർഡ്. ഓവറിലെ ആദ്യ പന്ത് എറിയാനെത്തിയ പൊള്ളാർഡ് ആക്ഷൻ പൂർത്തിയാക്കി പന്ത് കൈയ്യിൽ നിന്ന് വിടുന്നതിന് തൊട്ട് മുൻപ് അമ്പയർ ഫ്രണ്ട് ഫുട് നോ ബോൾ വിളിക്കുകയായിരുന്നു‌.

എന്നാൽ അമ്പയറുടെ നോ ബോൾ കോൾ കേട്ട പൊള്ളാർഡ് സെക്കൻഡുകൾക്കുള്ളിൽ ആ പന്ത് എറിയേണ്ടെന്ന തീരുമാനം എടുക്കുകയായിരുന്നു. പെട്ടെന്നുള്ള തന്റെ ക്രിക്കറ്റ് ബുദ്ധിയിലൂടെ ടീമിനെതിരെ വരുമായിരുന്ന ഒരു ഫ്രീഹിറ്റാണ് പൊള്ളാർഡ് തടഞ്ഞത്. പൊള്ളാർഡ് ബോൾ എറിയാതെ തിരിച്ചുനടന്നതോടെ നോ ബോൾ വിളി ഡെഡ് ബോളെന്ന് വിളിക്കാൻ അമ്പയർമാർ നിർബന്ധിതരാവുകയായിരുന്നു. പൊള്ളാർഡ് പന്തെറിയാതെ തിരിഞ്ഞ് നടന്നത് അമ്പയർക്കും പൊട്ടിച്ചിരി സമ്മാനിച്ചു. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽവൈറലാണ്.