SHARE

വിലക്ക് നീക്കിയതോടെ ജനുവരയിലെ ട്രാൻസ്ഫർ ജാലകത്തിൽ പണമൊഴുക്കാനാണ് ചെൽസി ഒരുങ്ങുന്നതെന്ന് സൂചന. ഒരുപടി യുവതാരങ്ങളെയാണ് ചെൽസി സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ബൊറൂസിയ ഡോർട്ട്മുണ്ടിൽ കളിക്കുന്ന ഇം​ഗ്ലീഷ് താരം ജേഡൻ സാഞ്ചോയാണ് ചെൽസി നോട്ടമിടുന്ന പ്രധാനതാരം. ഡോർട്ട്മുണ്ടുമായി ഇടഞ്ഞുനിൽക്കുന്ന സാഞ്ചോ ഇം​ഗ്ലണ്ടിലേക്ക് തിരിച്ചുവരവ് ആ​ഗ്രഹിക്കുന്നുണ്ട്. എന്നാൽ സാഞ്ചോയെ സ്വന്തമാക്കാണമെങ്കിൽ ക്ലബിന്റെ ട്രാൻസ്ഫർ തുകയിലെ റെക്കോർഡ് മറികടക്കേണ്ടിവരും. ഏതാണ്ട് 80 ദശലക്ഷത്തോളം യൂറോയാണ് താരത്തിനായി ഡോർട്ട്മുണ്ട് ചോദിച്ചിരിക്കുന്നത്.

ചെൽസി നിലവിൽ ഏറ്റവും പ്രതിസന്ധി നേരിടുന്ന പ്രതിരോധനിരയിലേക്ക് രണ്ട് പ്രീമിയർ ലീ​ഗ് താരങ്ങളെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ബേൺമത്തിന്റെ സെന്റർ ബാക്ക് നതാൻ അക്കെയേയും ലെസ്റ്റർ സിറ്റിയുടെ ലെഫ്റ്റ് ബാക്ക് ബെൻ ചിൽവാളിനേയും.

ചെൽസിയുടെ തന്നെ മുൻ താരമാണ് അക്കെ. 2017-ലാണ് താരത്തെ ചെൽസി ബേൺമത്തിന് കൈമാറിയത്. എന്നാൽ താരത്തെ തിരികെ സ്വന്തമാക്കാം എന്ന തരത്തിൽ കരാറിൽ വ്യവസ്ഥയുണ്ട്. അതാണ് ഇപ്പോൾ ഡച്ച് താരത്തിനായി ശ്രമം നടത്താൻ ചെൽസിയെ പ്രേരിപ്പിച്ചത്. ഇവർക്ക് പുറമെ ജർമൻ താരങ്ങളായ കായ് ഹാവർട്ട്സും ടിമോ വെർണറും ചെൽസിയുടെ റഡാറിലുണ്ട്.