SHARE

ഇടക്കാല ട്രാൻസ്ഫർ ജാലകം തുറന്ന് പത്ത് ദിവസം പൂർത്തിയായിട്ടും ഇതുവരെ വമ്പൻ കൈമാറ്റങ്ങളൊന്നും നടന്നില്ല. ഒട്ടേറെ അഭ്യൂഹങ്ങൾ പരക്കുകയും ടീമുകൾ തമ്മിലുള്ള ചർച്ചകൾ തുടരുകയും ചെയ്യുന്നുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പുതിയതായി കേൾക്കുന്നതാണ് ബാഴ്സലോണയും ചെൽസിയും തമ്മിലുള്ള ചർച്ചകൾ.

ബ്രസീൽ താരങ്ങളായ വില്യനേയും മാൽക്കമിനേയും പരസ്പരം കൈമാറാൻ ഇരുടീമുകളും ചർച്ച നടത്തുന്നതായി വാർത്തകൾ വരുന്നു. സ്കൈ സ്പോർട്സാണ് ആദ്യം വാർത്ത പുറത്തുവിട്ടത്. ഈ സീസൺ തുടക്കത്തിൽ തന്നെ വില്യനെ സ്വന്തമാക്കാൻ ബാഴ്സലോണ ശ്രമിച്ചിരുന്നു. എന്നാൽ ഇത് ധാരണയായിരുന്നില്ല. ഈ സാഹചര്യത്തിലാണ് മാൽക്കമിനെ പകരം നൽകിയുള്ള വാ​ഗ്ദാനത്തിന് ബാഴ്സ ഒരുങ്ങുന്നത്.

ചെൽസിയിൽ ആദ്യ ഇലവനിൽ സ്ഥിരം സാന്നിധ്യമാണെങ്കിലും മികവ് പുലർത്താൻ വില്യന് ഇതുവരെ സാധിച്ചില്ല. വില്യനെ സ്ഥിരം കളിപ്പിക്കുന്നതിൽ ആരാധകർക്കും താൽപര്യക്കുറവുണ്ട്. മറുവശത്ത് മാൽക്കമാകട്ടെ ആദ്യ ഇലവനിൽ അവസരം കിട്ടാതെ വിഷമിക്കുകയാണ്. ഇറ്റാലിയൻ ക്ലബ് റോമയുമായി മത്സരിച്ചാണ്, മാൽക്കമിനെ ബാഴ്സ സ്വന്തമാക്കിയത്.