SHARE

ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ നിലവിലെ കിരീടജേതാക്കളായ ചെല്‍സിക്ക് വിജയം. സ്വന്തം മൈതാനമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് വെസ്റ്റ് ബ്രോംവിച്ച് അല്‍ബിയനെയാണ് ചെല്‍സി തകര്‍ത്തത്.

ബേണ്‍മത്തിനോടും വാറ്റ്‌ഫോഡിനോടും നേരിട്ട അപ്രതീക്ഷത തോല്‍വിയോടെ സമ്മര്‍ദത്തിലായി ചെല്‍സി പരിശീലകന്‍ അന്റോണിയോ കോണ്ടെയ്ക്ക് ആശ്വാസം നല്‍കുന്നതാണ് വെസ്റ്റ് ബ്രോമിനെതിരായ വിജയം. 25-ാം മിനിറ്റില്‍ ബെല്‍ജിയം സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡാണ് ചെല്‍സിക്കായി ആദ്യം വലകുലുക്കിയത്. പിന്നീട് 63-ാം മിനിറ്റില്‍ നൈജീരിയന്‍ താരം വിക്ടര്‍ മോസസും ഗോള്‍നേടി. 71-ാം മിനിറ്റില്‍ ഹസാര്‍ഡ് തന്നെ വെസ്‌റ് ബ്രോമിന്റെ പെട്ടിയില്‍ അവസാന ആണിയും അടിച്ചു.

മത്സരം ജയിച്ചതോടെ ചെല്‍സി പോയിന്റെ പട്ടികയില്‍ നാലാം സ്ഥാനം തിരിച്ചുപിടിച്ചു. 27 മത്സരങ്ങളില്‍ നിന്ന് 72 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഒന്നാമത്. 56 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടാമതുണ്ട്. മൂന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിന് 54 പോയിന്റാണുള്ളത്.