SHARE

ലെസ്റ്റർ സിറ്റിയുടേയും ലിവർപൂളിന്റേയും ആദ്യ പ്രീമിയർ ലീ​ഗ് കിരീടനേട്ടങ്ങളിൽ നന്ദി അർഹിക്കുന്ന മറ്റൊരു ക്ലബാണ് ചെൽസി. 2015-16 സീസണിൽ ലെസ്റ്ററിന്റേയും ഇക്കുറി ലിവർ‍പൂളിന്റേയും കിരീടമുറപ്പിക്കുന്നതിൽ ചെൽസിയാണ് നിർണായക പങ്ക് വഹിച്ചത്. രണ്ട് ഘട്ടത്തിലും ഇരുവരുടേയും പ്രധാന എതിരാളികളെ ചെൽസി പിടിച്ചുകെട്ടുകയായിരുന്നു.

23 പോയിന്റ് എന്ന വലിയ ലീഡായിരുന്നു ഇക്കുറി മാഞ്ചസ്റ്റർ സിറ്റിക്ക് മേൽ ലിവർപൂളിനുണ്ടായിരുന്നത്. എങ്കിലും ഇന്നലെ സിറ്റി ചെൽസിയെ തോൽപ്പിച്ചിരുന്നങ്കിൽ ഒരുപക്ഷെ ലിവർപൂളിന്റെ കിരീടധാരണം പിന്നേയും വൈകുമായിരുന്നു. ലിവർപൂളിന്റെ അടുത്ത മത്സരം സിറ്റിക്കെതിരെ അവരുടെ ​ഗ്രൗണ്ടിലാണ്. അന്ന് സിറ്റിക്ക് മുന്നിൽ കീഴടങ്ങേണ്ടിവന്നാൽ അത് ലിവർപൂളിന് തിരിച്ചടിയാകുമായിരുന്നു. എന്നാൽ ഉശിരൻ പോരാട്ടം നടത്തിയ ചെൽസി സിറ്റിയെ തോൽപ്പിക്കുകയായിരുന്നു. ഇതോടെ ഏറ്റവുമധികം മത്സരം ശേഷിക്കെ പ്രീമിയർ ലീ​ഗ് ജേതാക്കളെന്ന നേട്ടവും ലിവർപൂൾ സ്വന്തമാക്കി. മാത്രവുമല്ല അടുത്ത മത്സരത്തിന് സിറ്റിയുടെ ​ഗ്രൗണ്ടിലേക്ക് കിരീടജേതാക്കളായി ലിവർപൂളിന് എത്താനുള്ള അവസരവും ചെൽസി ഒരുക്കിക്കൊടുത്തി.

ഫുട്ബോൾ ലോകത്തെ തന്നെ ഞെട്ടിച്ച ലെസ്റ്ററിന്റെ കിരീടനേട്ടത്തിനും ഇത്തരത്തിൽ ചെൽസി സഹായം ചെയ്തിരുന്നു. അന്ന് ഒരു ഘട്ടത്തിൽ ലെസ്റ്ററിനോട് പൊരുതിയത് ടോട്ടനമായിരുന്നു. സീസണിലെ 36-ാം മത്സരത്തിലാണ് ടോട്ടനം സ്റ്റാംഫോഡ് ബ്രിഡ്ജിൽ ചെൽസിയെ നേരിടാനെത്തിയത്. സീസണിൽ മോശം ഫോമിലായിരുന്ന ചെൽസി എന്നാൽ അന്ന് ചിരവൈരികളായ ടോട്ടനത്തെ പിടിച്ചുകെട്ടി. ഈ സമനിലയോടെയാണ് ലെസ്റ്റർ കിരീടം ഉറപ്പാക്കിയത്.

അന്നത്തെ ചെൽസി-ടോട്ടനം മത്സരം പ്രീമിയർ ലീ​ഗ് ചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ്. ആദ്യ പകുതിയിൽ തന്നെ രണ്ട് ​ഗോൾ ലീഡ് നേടിയ ടോട്ടനത്തെ ചെൽസി പിന്നിൽ നിന്ന് തിരിച്ചടിച്ച് പിടിച്ചുകെട്ടുകയായിരുന്നു. മത്സരത്തിനിടെ ​ഗ്രൗണ്ടിലും സൈഡ് ലൈനിലുമായി പലതവണ ഇരുടീം താരങ്ങളും തമ്മിൽ കൊമ്പുകോർത്തു. ഒമ്പത് ടോട്ടനം താരങ്ങൾക്ക് നേരെയാണ് അന്ന് റെഫറി മഞ്ഞക്കാർഡുയർത്തിയത്.