SHARE

ഈ വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ ചെൽസിക്ക് പിടിപ്പത് പണിയുണ്ടാകുമെന്നാണ് പൊതുവെയുള്ള റിപ്പോർട്ട്. അയ്കാസ് താരം ഹക്കീം സിയാച്ചുമായി ഇതിനകം ധാരണയിലെത്തിയ ക്ലബ് പിന്നേയും ഒരുപിടി താരങ്ങളെ നോട്ടമിടുന്നുണ്ട്. പല സൂപ്പർതാരങ്ങളുടേയും പേരുകൾ ഇതിനകം വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. എന്നാൽ ചെൽസി ഏറ്റവും പ്രധാന്യത്തോടെ പരി​ഗണിക്കുന്നത് ഒരു ലെഫ്റ്റ് ബാക്കിനായാണ്.

മാർക്കോസ് അലോൺസോ, എമേഴ്സൻ പാൽമിയേരി എന്നീ സ്പെഷ്യലിസ്റ്റ് ലെഫ്റ്റ് ബാക്കുകൾ ഇപ്പോൾ ചെൽസിയിലുണ്ട്. എന്നാൽ ഇരുവരേയും നിലനിർത്താൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. ഇരുവരും പ്രതീക്ഷയ്ക്കൊത്ത പ്രകടനം ഇതുവരെ പുറത്തെടുത്തിട്ടില്ല. അതിനാൽ തന്നെ ഇരുവരുമുണ്ടായിരുന്നിട്ടും സീസണിൽ പലപ്പോഴും റൈറ്റ് ബാക്കായ ക്യാപ്റ്റൻ സെസാർ അസ്പിലിക്യൂട്ടയെയായിരുന്നു പരിശീലകൻ ഫ്രാങ്ക് ലാംപാർഡ് ഇടതുവിങ്ങിലേക്ക് പരി​ഗണിച്ചിരുന്നത്. എന്നാൽ വരും സീസണിൽ ഇത് മതിയാകില്ലെന്നാണ് ക്ലബ് നിലപാട്.

-Advertisement-

മൂന്ന് പേരെയാണ് ചെൽസി ഇപ്പോൾ പ്രധാനമായും പരി​ഗണിക്കുന്നത്. പോർച്ചു​ഗീസ് ക്ലബ് പോർട്ടോയുടെ ബ്രസീൽ താരം അലക്സ് ടെല്ലസ്, അയാക്സിന്റെ അർജന്റൈൻ താരം നിക്കോളാസ് ടാ​ഗ്ലിയഫിക്കോ, ലെസ്റ്റർ സിറ്റിയുടെ ഇം​ഗ്ലീഷ് താരം ബെൻ ചിൽവാൾ എന്നിവരാണ് ചെൽസിയുടെ റഡാറിലുള്ള ലെഫ്റ്റ് ബാക്കുകൾ.

ഇം​ഗ്ലീഷുകാരൻ തന്നെയായ ചിൽവാളിനാണ് ആദ്യ പരി​ഗണന. എന്നാൽ ലെസ്റ്റർ ചോദിക്കുന്നത് വമ്പൻ ട്രാൻസ്ഫർ തുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇതാണ് ടെല്ലസിലേക്കും ടാ​ഗ്ലിയഫിക്കോയിലേക്കും ചെൽസിയെ എത്തിച്ചത്. ഇതിൽ തന്നെ ടെല്ലസിനായും ബാഴ്സയും ടാ​ഗ്ലിയഫിക്കോയക്കായി ടോട്ടനം ഹോട്സ്പർസും രം​ഗത്തുള്ളത് ചെൽസിക്ക് വെല്ലുവിളിയാകും. എങ്കിൽ കൂടിയും ഈ മുവരിൽ ഒരാളെ റാഞ്ചാനുള്ള സാധ്യതകൾ തന്നെയാണ് ഏറെയും.