SHARE

യുവേഫ ചാമ്പ്യൻസ് ലീ​ഗിൽ ഇം​ഗ്ലീഷ് ക്ലബ് ചെൽസി ഫൈനലിൽ. ഇരുപാദങ്ങളിലുമായി നടന്ന സെമി പോരാട്ടത്തിൽ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിനെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൽക്ക് തോൽപ്പിച്ചാണ് ചെൽസി ഫൈനലിലേക്ക് യോ​ഗ്യത നേടിയത്. ഇതോടെ ഈ മാസം 29-ന് നടക്കുന്ന ഫൈനലിൽ ചെൽസി മാഞ്ചസ്റ്റർ സിറ്റിയെ നേരിടും.

റയലിന്റെ മൈതാനത്ത് നേരത്തെ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഓരോ ​ഗോൾ വീതം നേടി സമനിലയായിരുന്നു. ഇതോടെ എവേ ​ഗോളിന്റെ ആനുകൂല്യം ചെൽസിക്ക് കൈവന്നു. തുടർന്ന് ഇന്ന് ചെൽസിയുടെ മൈതാനമായ സ്റ്റാഫോർഡ് ബ്രിഡ്ജിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ​ഗോളിന് ചെൽസി റയലിനെ മറികടക്കുകയായിരുന്നു. ചെൽസിക്കായി 28-ാം മിനിറ്റിൽ ജർമൻ താരം ടിമോ വെർണറും 85-ാം മിനിറ്റിൽ ഇം​ഗ്ലീഷ് താരം മേസൺ മൗണ്ടുമാണ് ​ഗോളുകൾ നേടിയത്. മൗണ്ടിന്റെ ​ഗോളിന് വഴിയൊരുക്കിയത് ക്രിസ്റ്റ്യൻ പുലിസിച്ചാണ്. രണ്ട് ​ഗോളുകളും നേടുന്നതിൽ പ്രധാന പങ്ക് വഹിച്ചത് മധ്യനിരതാരം എൻ​ഗോളോ കാന്റെയാണ്.

2012-ന് ശേഷം ആദ്യമായാണ് ചെൽസി ചാമ്പ്യൻസ് ലീ​ഗിന്റെ ഫൈനലിലെത്തുന്നത്. 2012-ൽ ജർമനിയിലെ മ്യൂണിച്ചിൽ നടന്ന ഫൈനലിൽ ബയേൺ മ്യൂണിച്ചിനെ തന്നെ തോൽപ്പിച്ച് ചെൽസി കിരീടമുയർത്തിയരുന്നു. തുർക്കിയിലെ ഇസ്താംബൂളിലാണ് ചെൽസിയും സിറ്റിയും തമ്മിലുള്ള കലാശപ്പോര്. 2019-ലായിരുന്നു ഇതിനുമുമ്പ് രണ്ട് ഇം​ഗ്ലീഷ് ക്ലബുകൾ ചാമ്പ്യൻസ് ലീ​ഗ് ഫൈനലിൽ ഏറ്റുമുട്ടിയത്. അന്ന് ടോട്ടനത്തെ വീഴ്ത്തി ലിവർപൂൾ കിരീടമുയർത്തി.