SHARE

ഇംഗ്ലീഷ് ക്ലബ് ചെൽസിയുടെ ഇതിഹാസമായിരുന്ന ജിയാൻഫ്രാങ്കോ സോള പുതിയ റോളിൽ ക്ലബിലേക്ക് മടങ്ങിയെത്തുന്നു. ചെൽസിയുടെ പുതിയ പരിശീലകനായ മൗറീഷ്യോ സാരിയുടെ അസിസ്റ്റന്റായാണ് ആരാധകരുടെ ഇഷ്ടതാരമായ സോളയുടെ വരവ്. ഇറ്റാലിയൻ മുന്നേറ്റതാരമായ സോള 1996 മുതൽ ഏഴ് വർഷം ചെൽസിയിൽ കളിച്ചിരുന്നു.

മുമ്പ് കളിക്കാരനായിരുന്നപ്പോൾ ടീമിനായി പുറത്തെടുത്ത മികവുറ്റ പ്രകടനം, പുതിയ ചുമതലയിലും പുറത്തെടുക്കുമെന്നും, മൗറിഷ്യോ സാരിക്കൊപ്പം ജോലി ചെയ്യാൻ കഴിയുന്നത് വലിയ കാര്യമാണെന്നും സോള പറഞ്ഞു. കടപ്പുമേറിയ വെല്ലുവിളിയാണ് വരാനിരിക്കുന്നതെന്നും സോള കൂട്ടിച്ചേർത്തു. സഹപരിശീലകനായി ചുമതലയേറ്റ സോള ടീമിനൊപ്പം ഓസ്ട്രലിയയിലേക്ക് പറന്നു. ചെൽസിയുടെ പ്രീ സീസൺ മത്സരങ്ങൾ അരങ്ങേറുന്നത് അവിടെയാണ്.

ഏഴ് സീസണുകളിൽ നിന്ന് ചെൽസിക്കായി 300-ലേറെ മത്സരങ്ങൾ സോള കളിച്ചിട്ടുണ്ട്. 89 ​ഗോളുകളും സോള അടിച്ചുകൂട്ടയിട്ടുണ്ട്. പാർമ, നാപ്പോളി തുടങ്ങിയ സെരി എ ക്ലബുകളിലും സോള കളിച്ചിട്ടുണ്ട്. 2005-ൽ വിരമിച്ച ശേഷം പരിശീലകവേഷമണിഞ്ഞ സോള, വെസ്റ്റ്ഹാം യുണൈറ്റഡ്, ബിർമിങ്ങാം സിറ്റി, വാറ്റ്ഫോർഡ്, ഇറ്റലി അണ്ടർ 16 ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.