SHARE

ട്രാൻസ്ഫർ ജാലകത്തിലെ വിലക്ക് നീങ്ങിയതോടെ ഇക്കുറി ചെൽസി ഒരുങ്ങിയിറങ്ങിയിരിക്കുകയാണ്. ജേഡൻ സാഞ്ചോയടക്കം ഒരുപിടി സൂപ്പർതാരങ്ങളെ ടീമിലെത്തിക്കാനാണ് ചെൽസി പദ്ധതിയിടുന്നത്. ഇതിന്റെ തുടക്കമെന്നോണം നോർവേ കൗമാരതാരം ബ്രയാൻ ഫിയാബെമയെ ചെൽസി ടീമിലെത്തിക്കും

നോർവീജയൻ ക്ലബ് ട്രോമ്സോയുടെ താരമാണ് പതിനാറുകാരനായ ഫിയാബെമ. മുന്നേറ്റനിരക്കരാനായ ഫിയാബെമ നോർവേ അണ്ടർ 17 ടീമുകളിൽ കളിക്കുന്നുണ്ട്. അടുത്തിടെ ചെൽസി നടത്തിയ ട്രയൽസിൽ പങ്കെടുത്ത ഫിയാബെമയുടെ പ്രകടനത്തിൽ ക്ലബ് തൃപ്തരായതോടെയാണ് താരത്തിന് ഇം​ഗ്ലണ്ടിലേക്ക് വഴിയൊരുങ്ങിയത്. താരത്തെ ടീമിലെത്തിക്കുന്നതിനുള്ള കരാറിൽ ധാരണയായെന്നും വരും ദിവസങ്ങളിൽ താരം ലണ്ടനിലെത്തുമെന്നുമാണ് സൂചന.

ചെൽസിയിലെത്തുന്ന ഫിയാബെമ യൂത്ത് ടീമിന്റെ ഭാ​ഗമാകും. ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച അക്കാദമികളിലൊന്നാണ് ചെൽസിയുടേത്. ഇക്കുറി ട്രാൻസ്ഫർ വിലക്കിനെ ചെൽസി നേരിട്ടത് ഒരുപിടി അക്കാദമി താരങ്ങളെ ​ടീമിലുൾപ്പെടുത്തിയാണ്. മികച്ച പ്രകടനം ഇവർ നടത്തുകയും ചെയ്തു.