SHARE

ഈ സീസണിലെ യുവേഫ യൂറോപ്പ ലീഗ് കിരീടം ചെൽസിക്ക്. കലാശപ്പോരാട്ടത്തിൽ കരുത്തരായ ആഴ്സനലിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് ചെൽസി കിരീടത്തിൽ മുത്തമിട്ടത്‌. ഇരട്ട ഗോളുകളുമായി കളം നിറഞ്ഞ് കളിച്ച ഈഡൻ ഹസാർഡാണ് നീലപ്പടയുടെ വിജയശില്പി. ചെൽസി പരിശീലക വേഷത്തിൽ മൗറീസിയോ സാരിയുടെ ആദ്യ കിരീട നേട്ടം കൂടിയാണിത്.

മോശം ഗ്രൗണ്ടും, വിരസമായ ഫുട്ബോളും മത്സരത്തിന്റെ ആദ്യ പകുതിയിൽ കാണികളെ നിരാശരാക്കി. എന്നാൽ രണ്ടാം പകുതി ആരംഭിച്ചതോടെ കളി മാറി. രണ്ടാം പകുതി തുടങ്ങി നാലാം മിനുറ്റിൽ ഒളിവർ ജിറൂഡ് നേടിയ ഗോളിൽ ചെൽസി മത്സരത്തിൽ മുന്നിലെത്തി‌. അറുപതാം മിനുറ്റിൽ പെഡ്രോ അവരുടെ ലീഡുയർത്തി‌. ഈഡൻ ഹസാർഡായിരുന്നു ഈ ഗോളിന് വഴിയൊരുക്കിയത്.

അഞ്ച് മിനുറ്റുകൾക്ക് ശേഷം പെനാൽറ്റിയിൽ നിന്ന് വല കുലുക്കി ഈഡൻ ഹസാർഡ് ടീമിന്റെ ലീഡ് 3-0 ആക്കി ഉയർത്തി‌‌. അറുപത്തിയൊൻപതാം മിനുറ്റിൽ ഇവോബിയിലൂടെ ആഴ്സനൽ തങ്ങളുടെ ആദ്യ ഗോൾ മടക്കിയെങ്കിലും, എഴുപത്തിരണ്ടാം മിനുറ്റിൽ ജിറൂഡിന്റെ അസിസ്റ്റിൽ നിന്ന് ഹസാർഡ് നേടിയ ഗോൾ ചെൽസിയെ മത്സരത്തിൽ 4-1 ന് മുന്നിലെത്തിക്കുകയായിരുന്നു.