SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലെ സൂപ്പർ ക്ലബ് ചെൽസിയുടെ ട്രാൻസ്ഫർ വിലക്ക് നീക്കി. കൗമാരതാരങ്ങളുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് ചട്ടങ്ങൾ ലംഘിച്ചതിന് ഫിഫ ഏർപ്പെടുത്തിയ വിലക്കാണ് ഇപ്പോൾ സ്പോർട്സ് അപ്പീൽ കോടതി നീക്കിയത്. ഇതോടെ ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ ചെൽസിക്ക് താരങ്ങളെ സ്വന്തമാക്കാം.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഫിഫ ചെൽസിക്ക് മേൽ രണ്ട് ട്രാൻസ്ഫർ ജാലകത്തിൽ നിന്ന് വിലക്കിയത്. ഇതോടെ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ ചെൽസിക്ക് കളിക്കാരെയൊന്നും സ്വന്തമാക്കാനായില്ല. തുടർന്ന് ക്ലബ് നൽകിയ അപ്പീലിലാണ് വിലക്ക് ഒരു ട്രാൻസ്ഫർ ജാലകത്തിലേക്ക് ചുരുക്കിയത്. ഇതോടെ ജനുവരിയിൽ ട്രാൻസ്ഫർ മാർക്കറ്റിൽ ചെൽസി നന്നായി പണമെറിഞ്ഞേക്കുമെന്നാണ് ആരാധകപ്രതീക്ഷ

-Advertisement-

സൂപ്പർതാരങ്ങൾ ക്ലബ് വിടുകയും പുതിയ കളിക്കാരെ സ്വന്തമാക്കാൻ തടസം വരുകയും ചെയ്തതോടെ ഇക്കുറി ചെൽസി തുടക്കത്തിൽ ഒന്നുപാളി. എന്നാൽ പിന്നീട് അക്കാദമി താരങ്ങളുടെ മികവിൽ ടീം താളം കണ്ടെത്തി ടോപ് ഫോറിലേക്ക് മുന്നേറി.

അതേസമയം തന്നെ പ്രതിരോധനിരയിൽ ചെൽസിക്ക് വലിയ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇപ്പോൾ വിലക്ക് നീക്കിയതോടെ ഉടൻ തന്നെ മികച്ചൊരു സെന്റർ ബാക്കിനെ സ്വന്തമാക്കാൻ ചെൽസി ഒരുങ്ങിയേക്കുമെന്നാണ് സൂചന. അതൊടൊപ്പം ഒരു പിടി യുവതാരങ്ങളെ റാഞ്ചാനും ചെൽസി തയ്യാറാകാനും സാധ്യതയുണ്ട്.