SHARE

രാത്രി സമയം നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളിൽ പണ്ട് മുതലേ വില്ലനാണ് മഞ്ഞുവീഴ്ച‌. മഞ്ഞുവീഴ്ച കൊണ്ടുള്ള പ്രശ്നങ്ങൾ തടയാൻ പല രീതികളും ക്രിക്കറ്റിൽ കൊണ്ടു വന്നെങ്കിലും ഒന്നും തന്നെ കൃത്യമായ ഫലം നൽകിയിട്ടില്ല. ഇപ്പോളിതാ മഞ്ഞുവീഴ്ച മൂലമുള്ള‌പ്രശ്നങ്ങൾ കുറയ്ക്കാൻ നിർണായക നീക്കം നടത്തിയിരിക്കുകയാണ് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ അധികൃതർ‌.

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടി20 മത്സരത്തിന് ഇന്ന് ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയമാണ് വേദിയാകുന്നത്‌. മഞ്ഞുവീഴ്ച മത്സരത്തിന് വലിയ തിരിച്ചടി നൽകുമെന്ന് കരുതിയിരുന്നെങ്കിലും അത് തടയാൻ മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ കൃത്യമായ ഇടപെടൽ നടത്തി‌. മത്സരം നടക്കുന്ന ഹോൾക്കർ സ്റ്റേഡിയത്തിന്റെ ഔട്ട്ഫീൽഡിൽ ഒരു പ്രത്യേക കെമിക്കൽ സ്പ്രേ അടിച്ച് മഞ്ഞുവീഴ്ച മൂലമുള്ള പ്രശ്നങ്ങൾ കുറയ്ക്കാനാണ് അവർ ശ്രമിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ഗ്രൗണ്ടിൽ അവർ സ്പ്രേ അടിക്കുന്നുണ്ട്‌‌. ഗ്രൗണ്ട് കഴിഞ്ഞ മൂന്ന് ദിവസമായി സംഘാടകർ നനച്ചിട്ടില്ല. ഇതും മഞ്ഞുവീഴ്ചയെ പ്രതിരോധിക്കാനുള്ള മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ നീക്കങ്ങളുടെ ഭാഗമാണ്.

മറ്റ് മൈതാനങ്ങളെ അപേക്ഷിച്ച് ഇൻഡോറിലെ ബൗണ്ടറികൾ വളരെ ചെറുതാണ്. അത് കൊണ്ടു തന്നെ ഇരു ടീമുകളുടേയും ഭാഗത്ത് നിന്ന് ബാറ്റിംഗ് വെടിക്കെട്ടാണ് ഇന്ന് ക്രിക്കറ്റ് പ്രേമികൾ പ്രതീക്ഷിക്കുന്നത്. ഇൻഡോറിൽ ഇന്ത്യയ്ക്ക് മികച്ച റെക്കോർഡാണുള്ളത് എന്നതിനാൽ ഇന്ത്യൻ ആരാധകരും വളരെ ആവേശത്തിലാണ്‌. ഇന്ന് വൈകിട്ട് 7 മണിക്കാണ് മത്സരം ആരംഭിക്കുക.