SHARE

ഭൂട്ടാന്റെ റൊണാള്‍ഡോ എന്നാണ് ചെഞ്ചോ ജെല്‍ത്‌ഷെന്‍ എന്ന സ്‌ട്രൈക്കറെ വിശേഷിപ്പിക്കുന്നത്. ഭൂട്ടാനിലെ ഏക പ്രഫഷണല്‍ താരമായ ജെല്‍ത്‌ഷെന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ ബെംഗളൂരു എഫ്‌സിയെ രക്ഷിച്ച അവസാന നിമിഷ ഗോളിലൂടെയാണ് ഇന്ത്യന്‍ ആരാധകരുടെ ശ്രദ്ധകേന്ദ്രമാകുന്നത്. എന്നാല്‍ അധികമാരും അറിയാത്ത മറ്റൊരു കഥയുണ്ട്. കേരള ബ്ലാസ്‌റ്റേഴ്‌സ് അവസാനനിമിഷം വേണ്ടെന്നുവച്ച താരമാണ് ഈ ഇരുപത്തിരണ്ടുകാരനെന്ന കാര്യം.

ഈ വര്‍ഷം പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിദേശതാരങ്ങളെ തേടിയ സമയത്ത് മാനേജ്‌മെന്റിന്റെ മുന്നിലേക്ക് വന്ന ആദ്യ പേര് മിനെര്‍വ പഞ്ചാബിനായി തകര്‍ത്തു കളിച്ച താരത്തിന്റേതായിരുന്നു. എന്നാല്‍ അവസാനനിമിഷം ടീം മാനേജ്‌മെന്റ് ചെഞ്ചോയെ ടീമിലെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. കിട്ടിയ അവസരം മുതലാക്കിയ ബെംഗളൂരു എഫ്‌സി താരത്തിന് കരാര്‍ നല്കുകയും ചെയ്തു.

കഴിഞ്ഞ ഐലീഗ് സീസണില്‍ മിനെര്‍വയെ കിരീടത്തിലെത്തിച്ചത് ചൈഞ്ചോയുടെ മിടുക്കാണ്. 17 കളിയില്‍ ഏഴു ഗോളും അതിനടുത്ത് അസിസ്റ്റുകളും. കളി മിടുക്കു കൊണ്ട് ഭൂട്ടാനില്‍ ആരവം തീര്‍ത്താണ് ചെഞ്ചോ ഇന്ത്യയിലെത്തിയത്. അടുത്തവര്‍ഷം വരെയാണ് ബെംഗളൂരുവില്‍ യുവതാരത്തിന്റെ കരാര്‍. ബെംഗളൂരു ഈ യുവതാരത്തെ വിട്ടുകളയുമോയെന്ന കാര്യം സംശയമാണ്.