SHARE

അടുത്ത മാസം ജയ്പൂരിലാണ് പന്ത്രണ്ടാം എഡിഷൻ ഐപിഎല്ലിന് മുന്നോടിയായുള്ള താരലേലം നടക്കുന്നത്‌. എല്ലാ ഐപിഎൽ ലേലത്തിലും അപ്രതീക്ഷിത നേട്ടം കൊയ്യുന്ന താരങ്ങളുണ്ടാകാറുണ്ട്. ഇത്തവണ അങ്ങനെയൊരു നേട്ടം കൊയ്യാൻ സാധ്യതയുള്ള താരമാണ് തമിഴ്നാടിന്റെ അദ്ഭുത സ്പിന്നർ വരുൺ ചക്രവർത്തി. താരത്തിന്‌വേണ്ടി ഇത്തവണ ലേലത്തിൽ വലിയ മത്സരം നടക്കുമെന്നാണ് സൂചനകൾ.

ഈ വർഷത്തെ തമിഴ്നാട് പ്രീമിയർ ലീഗിലൂടെയാണ് വരുൺ ചക്രവർത്തി ക്രിക്കറ്റിന്റെ വെള്ളിവെളിച്ചത്തിലേക്ക് പ്രവേശിച്ചത്. ലീഗിൽ 10 മത്സരങ്ങൾ കളിച്ച താരത്തിന് 4.7 എന്ന അതിശയകരമായ ബോളിംഗ് ഇക്കോണമിയാണുള്ളത്. തമിഴ്നാട് പ്രീമിയർ ലീഗിലെ മിന്നും പ്രകടനം താരത്തിന് നിശ്ചിത ഓവർ മത്സരങ്ങൾക്കുള്ള സംസ്ഥാന ടീമിലേക്കും വഴിതുറന്നിരുന്നു. അവിടെയും തകർപ്പൻ ബോളിംഗ് പ്രകടനം തുടർന്ന ഈ വലം കൈയ്യൻ സ്പിന്നർ 9 മത്സരങ്ങളിൽ 22 വിക്കറ്റാണ് പിഴുതത്.

ഈ വർഷത്തെ ഐപിഎൽ ലേലത്തിൽ ഒന്നിലധികം ടീമുകൾ ചക്രവർത്തിയെ നോട്ടമിട്ടിട്ടുണ്ടെന്നാണ് സൂചന. സ്വന്തം നാട്ടിൽ നിന്നുള്ള താരമായതിനാൽ ചെന്നൈ സൂപ്പർ കിംഗ്സ് താരത്തെ സ്വന്തമാക്കാൻ മുന്നിലുണ്ടാകും. ചെന്നൈയ്ക്ക് പുറമേ മുംബൈ ഇന്ത്യൻസിനും ചക്രവർത്തിയിൽ താല്പര്യമുണ്ടെന്നാണ് റിപ്പോർട്ട്.