SHARE

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രണ്ടു വര്‍ഷത്തെ വിലക്കിനുശേഷം തിരിച്ചെത്തുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. സീസണ്‍ പതിനൊന്നില്‍ തുടക്കം മുതല്‍ മികച്ച ഒരുക്കങ്ങളാണ് മാനേജ്‌മെന്റ് നടത്തിയിരിക്കുന്നത്. ടീമിലെ പ്രധാനപ്പെട്ട താരങ്ങളായ എം.എസ്. ധോണി, സുരേഷ് റെയ്‌ന, ഡ്വെയ്ന്‍ ബ്രാവോ എന്നിവരെ നിലനിര്‍ത്തിയ ടീം ഒട്ടേറെ യുവതാരങ്ങളെ ടീമിലെത്തിക്കുകയും ചെയ്തു. തനിക്ക് സ്വന്തം കുടുംബം പോലെ തന്നെയാണ് സിഎസ്‌കെയെന്ന് വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ പറയുന്നു.

ചെന്നൈ ഒരു ടീം മാത്രമല്ല ഒരു കുടുംബം കൂടിയാണ്. ഐപിഎല്‍ ഇല്ലാത്ത സമയത്തും ടീമംഗങ്ങള്‍ പരസ്പരം ആശയവിനിമയം നടത്താറുണ്ട്. ടീം മാനേജ്‌മെന്റ് കളിക്കാരെക്കുറിച്ച് അന്വേഷിക്കുന്നു. ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നു. മറ്റൊരു ടീമിലും ഇതൊന്നും നടക്കാറില്ല. എനിക്ക് ഏറെ ആരാധകരുള്ളത് ചെന്നൈയില്‍ നിന്നാണ്. ചെന്നൈക്കാരുടെ സ്‌നേഹം മറക്കാനാകില്ല. ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനൊപ്പം (ധോണി) കളിക്കുകയെന്നത് വലിയ ആവേശമാണ്. ഈ മഞ്ഞജേഴ്‌സിയെ പ്രതിനിധീകരിക്കുകയെന്നത് സ്വപ്നവും- ബ്രാവോ കൂട്ടിച്ചേര്‍ത്തു.

ഐസിസി ലോകകപ്പിന് യോഗ്യത നേടിയ വെസ്റ്റ് ഇന്‍ഡീസ് ടീമിനെ അഭിനന്ദിക്കാനും ബ്രാവോ മറന്നില്ല. യുവനിരയാണ് വിന്‍ഡീസിന്റേത്. ഫുട്‌ബോള്‍ ലോകകപ്പില്‍ ഇറ്റലിക്ക് പറ്റിയതു പോലെ വിന്‍ഡീസിനും യോഗ്യത കിട്ടില്ലെന്ന് പലരും ഭയപ്പെട്ടിരുന്നു. ഭാഗ്യമുണ്ടെങ്കില്‍ അടുത്ത ലോകകപ്പില്‍ കളിക്കാമെന്ന പ്രതീക്ഷയിലാണ് ഞാന്‍- ബ്രാവോ അവസാനിപ്പിക്കുന്നു.