SHARE

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും ശക്തമായ ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പർ കിംഗ്സ്. പ്രകടനമികവിലും, ആരാധകരുടെ പിന്തുണയുടെ കാര്യത്തിലും ചെന്നൈ മുന്നിൽത്തന്നെയുണ്ട്. ഇപ്പോളിതാ ഏറ്റവും കൂടുതൽ ആൾക്കാർ കാണുന്നതും ചെന്നൈയുടെ മത്സരമാണെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്.

സ്പോർട്സ് സ്റ്റാർ പുറത്ത് വിട്ട റിപോർട്ടിലാണ് ഏറ്റവും കൂടുതൽ ആൾക്കാർ കാണുന്നത് ചെന്നൈ സൂപ്പർ കിംഗ്സിന്റെ മത്സരങ്ങളാണെന്ന് വ്യക്തമായിരിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗ് കാണുന്ന ആൾക്കാരിൽ 31 ശതമാനത്തോളം പേരും ചെന്നൈ സൂപ്പർ കിംഗ്സിന്റെ മത്സരമാണ് വീക്ഷിക്കുന്നതെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു‌. അത് കൊണ്ടു തന്നെ ചെന്നൈ ഈ വർഷത്തെ ഐപിഎൽ പ്ലേ ഓഫിലെത്തിയത് സംഘാടകർക്കും മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയവർക്കും വലിയ സാമ്പത്തിക നേട്ടമായിരിക്കും സമ്മാനിക്കുക. മുംബൈ ഇന്ത്യൻസാണ് ഈ ലിസ്റ്റിൽ ചെന്നൈയ്ക്ക് പിറകിലുള്ളത്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മൂന്നാം സ്ഥാനത്തും, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നാലാം സ്ഥാനത്തും നിൽക്കുന്നു.

കണക്കുകൾ അനുസരിച്ച് 263.87 മില്ല്യൺ ഇമ്പ്രഷനാണ് ചെന്നൈയുടെ മത്സരങ്ങൾക്ക് ലഭിച്ചത്. മുംബൈക്കാവട്ടെ 240.72 മില്ല്യണും, കൊൽക്കത്തയ്ക്ക് 220.05 മില്ല്യൺ ഇമ്പ്രഷനും ലഭിച്ചു. ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം രണ്ട് വർഷത്തെ വിലക്ക് മാറിയെത്തിയ രാജസ്ഥാൻ റോയൽസാണ് ഇക്കാര്യത്തിൽ ഏറ്റവും പിന്നിലുള്ളത്. രാജസ്ഥാൻ റോയൽസിന്റെ എട്ട് മത്സരങ്ങൾക്ക് 161.25 മില്ല്യൺ ഇമ്പ്രഷൻ മാത്രമാണ് ലഭിച്ചിട്ടുള്ളത്.