SHARE

2020 സീസൺ ഐപിഎല്ലിന് മുന്നോടിയായുള്ള താരലേലം ഈ മാസം പത്തൊൻപതാം തീയതി കൊൽക്കത്തയിൽ നടക്കാനിരിക്കുകയാണ്‌. ഫ്രാഞ്ചൈസികളെല്ലാം ലേലത്തിന് മുന്നോടിയായി വലിയ തയ്യാറെടുപ്പുകളാണ് നടത്തുന്നത്. അതിനിടെ ഇന്ത്യൻ പ്രീമിയർ ലീഗ് അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ലേലത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട 6 താരങ്ങളുടെ പേരും ചിത്രവും ഉൾപ്പെടുത്തിയ ഒരു ട്വീറ്റിലൂടെ ഇതിൽ നിന്ന് ആരായിരിക്കും ലേലത്തിൽ ഏറ്റവും വലിയ നേട്ടമുണ്ടാക്കുക എന്ന് ചോദിച്ചു. ഈ ട്വീറ്റിന് മറുപടിയായി പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ സീനിയർ ഓഫ്സ്പിന്നർ ഹർഭജൻ സിംഗ് രംഗത്തെത്തി‌.

ഗ്ലെൻ മാക്സ്‌വെൽ, പാറ്റ് കമ്മിൻസ്, റോബിൻ ഉത്തപ്പ, ജേസൺ റോയ്, കോളിൻ മൺറോ, ഷെൽഡൺ കോട്രൽ എന്നീ താരങ്ങളായിരുന്നു ഐപിഎൽ അധികൃതർ ഇട്ട ട്വീറ്റിൽ ഉണ്ടായിരുന്നത്‌. ഇതിന് ഭാജി നൽകിയ മറുപടി, താനായിരുന്നെങ്കിൽ ജേസൺ റോയേയും, ഷെൽഡൺ കോട്രലിനേയും തിരഞ്ഞെടുക്കുമെന്നായിരുന്നു. അതേ സമയം ഭാജി അഭിപ്രായപ്പെട്ടത് പോലെ അദ്ദേഹത്തിന്റെ ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സും ഈ രണ്ട് താരങ്ങളെ ലേലത്തിൽ നോട്ടമിടുമോ എന്ന ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകർ.