SHARE

ഐ എസ് എല്‍ കിരീട നേട്ടത്തിന് ശേഷം സൂപ്പര്‍ താരങ്ങളുമായി കരാര്‍ നീട്ടി ചെന്നൈയിന്‍ എഫ് സി. ഫൈനലില്‍ ഇരട്ടഗോളുകള്‍ നേടിയ ബ്രസീലിയന്‍ പ്രതിരോധ താരം മെയില്‍സണ്‍ ആല്‍വസുമായി രണ്ടുവര്‍ഷത്തേക്കും നെതര്‍ലന്‍ഡ് താരം ഗ്രെഗറി നെല്‍സണുമായി ഒരു വര്‍ഷത്തേക്കുമാണ് ചെന്നൈയിന്‍ കരാര്‍ നീട്ടിയത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണില്‍ ചെന്നൈ പ്രതിരോധത്തില്‍ മികച്ച പ്രകടനമാണ് മെയില്‍സണ്‍ നടത്തിയത്. സെറിനോയ്‌ക്കൊപ്പം സെന്റര്‍ ബാക്ക് പൊസിഷനില്‍ നിര്‍ണ്ണായകസാന്നിധ്യമായിരുന്ന താരം സെമിഫൈനല്‍ രണ്ടാം പാദ മത്സരത്തിലും ഫൈനലിലും ഹീറോ ഓഫ് ദി മാച്ച് ആയിരുന്നു. ഫൈനലില്‍ എണ്ണം പറഞ്ഞ രണ്ടു ഹെഡര്‍ ഗോളുകളിലൂടെ താരം ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്തിന്റെ കയ്യടി നേടുകയും ചെയ്തു. സീസണില്‍ 19 മത്സരങ്ങള്‍ കളിച്ച താരം 4 ഗോളുകളാണ് നേടിയത്.

ഗ്രെഗറി നെല്‍സണും ചെന്നൈയിന്റെ കിരീടവിജയത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ച താരമാണ്. മധ്യനിരയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ച്ച വെച്ച താരം 53 ക്രോസ്സുകളാണ് നല്‍കിയത്. ആകെ ഈ സീസണില്‍ 19 മത്സരങ്ങള്‍ കളിച്ച നെല്‍സണ്‍ ഒരു ഗോളും അഞ്ചു അസിസ്റ്റുകളും സ്വന്തം പേരിലാക്കി. ഫൈനലില്‍ മെയില്‍സണ്‍ നേടിയ രണ്ടു ഗോളുകള്‍ക്കും പിന്നിലെ കോര്‍ണര്‍ കിക്കുകള്‍ നെല്‍സണാണ് എടുത്തത്. എന്തായാലും ചെന്നൈയിന്‍ ആരാധകര്‍ക്ക് അടുത്ത സീസണിലും ഈ രണ്ട് താരങ്ങളുടെ കളി കാണാമെന്ന് ഉറപ്പായിരിക്കുകയാണ്.