SHARE

അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രഥമ സൂപ്പര്‍ കപ്പിനെതിരേ വിമര്‍ശനങ്ങളുമായി കൂടുതല്‍ താരങ്ങള്‍ രംഗത്ത്. ചെന്നൈയിന്‍ ക്യാപ്റ്റന്‍ ഹെന്റിക്വെ സെറീനോയാണ് സൂപ്പര്‍ കപ്പിനെതിരേ പുതുതായി രംഗത്തു വന്നത്. ടൂര്‍ണമെന്റിനെ അസംബന്ധം എന്നാണ് അദേഹം വിശേഷിപ്പിച്ചത്. സ്വന്തം നാടായ പോര്‍ച്ചുഗലിലേക്ക് താന്‍ പോന്നുവെന്നും സൂപ്പര്‍ കപ്പില്‍ ഒരു മത്സരം കളിക്കാനായി എത്തില്ലെന്നും ദ ഹിന്ദുവിന് അനുവദിച്ച ടെലിഫോണ്‍ അഭിമുഖത്തില്‍ സെറീനോ വ്യക്തമാക്കി.

സത്യത്തില്‍ ഈ ടൂര്‍ണമെന്റ് വെറും അസംബന്ധമാണ്. കേവലം ഒരു കളിക്കു മാത്രമായിട്ട് ഇന്ത്യയിലേക്ക് വരണോ. ചെന്നൈയിനിലെ എന്റെ സഹതാരങ്ങള്‍ എല്ലാവരും സ്വന്തം നാടുകളിലേക്ക് പോയിരിക്കുകയാണ്. 15 ദിവസത്തിനുശേഷം അവര്‍ തിരിച്ചെത്തുക നേരെ സൂപ്പര്‍ കപ്പ് കളിക്കാനാണ്. ഒരു പരിശീലനം പോലുമില്ലാതെയാകും അവര്‍ കളത്തിലിറങ്ങുക- സെറീനോ പറയുന്നു.

സൂപ്പര്‍ കപ്പിനെക്കുറിച്ച് സത്യസന്ധമായി പറഞ്ഞാല്‍ ഒരു അര്‍ത്ഥവും ഇല്ലാത്ത ടൂര്‍ണമെന്റാണിത്. ഇന്ത്യയിലെ കാലാവസ്ഥയില്‍ വൈകുന്നേരം 5.30ന് കളിക്കുകയെന്നത് ശ്രമകരമാണ്. കടുത്ത ചൂടില്‍ കളിക്കുകയെന്നത് പ്രത്യേകിച്ചും. മാര്‍ച്ച് 31ന് ഐലീഗ് ടീം ഐസ്വാള്‍ എഫ്‌സിക്കെതിരേയാണ് ചെന്നൈയ്‌ന്റെ സൂപ്പര്‍ കപ്പിലെ പ്രീക്വാര്‍ട്ടര്‍ മത്സരം.